പാലാ: പാലായില്‍ ചരിത്രവിജയം സ്വന്തമാക്കിയ മാണി സി കാപ്പന്‍റെ  മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എന്‍സിപി ഹൈക്കമാന്‍റാണ്. അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുമാണ് ഇപ്പോൾ എന്‍സിപിക്ക് മുന്നിലുള്ളത്. ഇതിനുശേഷം ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകും. തന്‍റെ മന്ത്രിസ്ഥാനമടക്കം  സാധ്യതകൾ ഒന്നും തള്ളിക്കളയാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

പാലായിലെ 54 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് മാണി സി കാപ്പന്‍ പുതുചരിത്രം രചിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തത്. ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും കരുത്തുറ്റ മുന്നണി അടിത്തറയും മോശം പറയാന്‍ ഏറെയൊന്നുമില്ലാത്ത സാഹചര്യവും എല്ലാം ഒത്തുവന്നപ്പോള്‍ എതിര്‍വശത്തെ പടലപ്പിണക്കങ്ങളും വിഴുപ്പലക്കലും പരസ്യമായ അധികാര വടംവലിയും എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് ഒരുക്കിയത്. 

വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറി. എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാലപരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതും കാപ്പന് തുണയായി.