ചെങ്ങന്നൂര്‍ എസ്‌ഐ എം.സി അഭിലാഷ്, പോലീസുകാരായ ശ്യാം, അനീഷ് എന്നിവരാണ് ശരത്തിന്‍റെ അയല്‍വാസിയുടെ പരാതി അന്വേഷിക്കാനായി എത്തിയത്.

മാന്നാർ: ആലപ്പുഴ ചെങ്ങന്നൂര്‍ എസ്‌ഐയെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ മുളക്കുഴ മണ്ണത്തുംചേരില്‍ സദന്റെ മകന്‍ ശരത് (32) ആണ് അറസ്റ്റിലായത്. ശരത്തിനെതിരെ അയല്‍വാസി നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് യുവാവ് പട്ടിയെ അഴിച്ച് വിട്ടത്.

ചെങ്ങന്നൂര്‍ എസ്‌ഐ എം.സി അഭിലാഷ്, പോലീസുകാരായ ശ്യാം, അനീഷ് എന്നിവരാണ് ശരത്തിന്‍റെ അയല്‍വാസിയുടെ പരാതി അന്വേഷിക്കാനായി എത്തിയത്. വീടിനു മുന്‍വശത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ശരത്ത് ഭീഷണി മുഴക്കി. തുടര്‍ന്ന് കൂട്ടില്‍ കിടന്ന പട്ടിയെ തുറന്ന് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

നായയെ തുറന്നു വിട്ടതിനെ തുടര്‍ന്ന് പൊലീസ് സംഘം ആദ്യം പരിഭ്രാന്തിയിലായി. പിന്നീട് നായയെ കൂട്ടില്‍ കയറ്റുകയും ശരത്തിനെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി പൊലീസ് സംഘത്തെ ഉപദ്രവമേല്‍പ്പിക്കുന്നതിനാണ് ഇയാള്‍ ശ്രമിച്ചതെന്ന് എസ്ഐ അഭിലാഷ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More : വിദ്യാർഥിനികളോട് മോശം പെരുമാറ്റം; ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ വീണ്ടും അറസ്റ്റിൽ