ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഓരോ ദിവസവും സമരരീതികൾ മാറ്റിയാണ് പ്രതിപക്ഷം മുന്നേറുന്നത്.

രാജ്യത്ത് സമീപ കാലത്ത് കണ്ടിട്ടില്ലാത്ത വിധത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചണിനിരന്ന് കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനും സമ്മർദം സൃഷ്ടിക്കുന്ന തരത്തിൽ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തിയുള്ള സമരങ്ങൾക്ക് രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നേതൃത്വം നൽകുമ്പോൾ, അദ്ദേഹത്തിനും പ്രിയങ്ക ഗാന്ധിക്കും ഒപ്പം എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലും സമരങ്ങളുടെ പ്രധാന സംഘാടകരിൽ ഒരാളായി സജീവമായി രംഗത്തുണ്ട്.

കേന്ദ്ര സർക്കാരിന്‍റെയും ഡൽഹി പൊലീസിന്‍റെയും നീക്കങ്ങൾക്കനുസരിച്ച് സമരത്തിന്‍റെ രീതിയും വേദിയും മാറ്റിയുള്ള ഇടപെടലുകളാണ് പ്രതിപക്ഷം നടത്തുന്നത്. ആദ്യ ദിനം ഇന്ത്യാ സഖ്യത്തിലെ എംപിമാരെ ഒരുമിച്ച് അണിനിരത്തി തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് നടത്തിയ മാർച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സമരത്തിന്‍റെ കേന്ദ്രം ആകാശവാണി ഭവനിലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് കമ്മിഷണറെ നേരിട്ട് കാണണമെന്ന ആവശ്യവുമായി രാത്രി പത്ത് മണി വരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാൽ എംപിയും ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കൾ അവിടെ നിലയുറപ്പിച്ചു.

രണ്ടാം ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരെ ഭക്ഷണം കഴിക്കാനെന്ന പേരിൽ ഒരുമിച്ചുകൂട്ടി. തുടർന്ന് എങ്ങോട്ടാണ് യാത്രയെന്നോ എന്താണ് സമരരീതിയെന്നോ സംബന്ധിച്ച് ദില്ലി പൊലീസിനും മാധ്യമങ്ങൾക്കും ഒരു തരത്തിലുമുള്ള സൂചന നൽകാതെയാണ് ജന്തർ മന്തറിലേക്ക് പ്രതിഷേധം നീക്കിയത്. അപ്രതീക്ഷിതമായ നീക്കത്തിൽ പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു.

മൂന്നാം ദിവസം പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലിനെ തുടർന്ന് കേന്ദ്ര സേനകളെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷാ ക്രമീകരണങ്ങൾ മൂന്നിരട്ടി ശക്തമാക്കിയ സാഹചര്യത്തിലാണ് സമരത്തിന്‍റെ രീതി വീണ്ടും മാറ്റിയത്. സംഘർഷത്തിലേക്ക് നീങ്ങാതെ ഗാന്ധിയൻ മാർഗം സ്വീകരിച്ച് മുഴുവൻ എംപിമാരും രാജ്ഘട്ടിലേക്ക് സമാധാന യാത്ര നടത്തുകയും മഹാത്മാഗാന്ധിയുടെ സ്മൃതിയിൽ പ്രണാമം അർപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ വിട്ടുനിന്ന വിവിധ പ്രതിപക്ഷ കക്ഷികളിലെ എംപിമാരെ കൂടി മൂന്നാം ദിവസത്തെ സമരത്തിന്റെ ഭാഗമാക്കിയത് കെ സി വേണുഗോപാൽ നടത്തിയ നിർണ്ണായക ഇടപെടലുകൾ വഴിയാണ്. പ്രതിപക്ഷ എംപിമാരെ ഒരേ വേദിയിൽ അണിനിരത്തിയും സമരത്തിന്‍റെ സ്വഭാവം ഓരോ ദിവസവും മാറ്റിയും മുന്നോട്ടു പോകുന്ന സമര രീതി ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടക്കുന്ന ഈ പ്രതിഷേധങ്ങളിൽ ഒരു മലയാളി എംപി വഹിക്കുന്ന സംഘടനാപരവും ഏകോപനപരവുമായ പങ്ക് ദേശീയ തലത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.