സഹോദരൻ മുഹമ്മദ് റാഷിദ്, സഹോദരി ഭർത്താവ് മുഹമ്മദ് സാദിഖ് എന്നിവരാണ് 35 ദിവസത്തിന്റെ വ്യത്യാസത്തിൽ മരണപ്പെട്ടത്

ദുബൈ: ദുബൈയിൽ പ്രവാസിയായ മൊയ്ദീൻ കുഞ്ഞിക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് രണ്ട് സഹോദരങ്ങൾ. സഹോദരൻ മുഹമ്മദ് റാഷിദ്, സഹോദരി ഭർത്താവ് മുഹമ്മദ് സാദിഖ് എന്നിവരാണ് 35 ദിവസത്തിന്റെ വ്യത്യാസത്തിൽ മരണപ്പെട്ടത്. 

യുഎഇയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മുഹമ്മദ് റാഷിദ് മരണപ്പെടുന്നത്. ദുബൈയിലെ ഒരു ജനറൽ ട്രേഡിങ് സ്ഥാപനത്തിൽ ഔട്ട്ഡോർ സെയിൽസിൽ ജോലി ചെയ്തിരുന്നയാളാണ് റാഷിദ്. ഏപ്രിൽ 22നാണ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ചികിത്സയിലിരിക്കെ ഏപ്രിൽ 25ന് മരണപ്പെടുകയായിരുന്നു. മഹ്നാസ് ആണ് റാഷിദിന്റെ ഭാര്യ. മൂന്ന് കുട്ടികളുമുണ്ട്. തന്റെ മടിയിൽ കിടന്നാണ് റാഷിദ് മരിച്ചതെന്ന് സഹോദരൻ മൊയ്ദീൻ കുഞ്ഞി പറയുന്നു. റാഷിദിനൊപ്പം അതേ കമ്പനിയിൽ തന്നെയാണ് മൊയ്ദീനും ജോലി ചെയ്യുന്നത്. റാഷിദിന്റെ മരണശേഷം മൃതദേഹവുമായി മൊയ്ദീനും മൂത്ത സഹോദരൻ അബ്ദുൽ സലാമും സഹോദരി ഭർത്താവ് മുഹമ്മദ് സാദിഖുമാണ് നാട്ടിലേക്ക് വിമാനം കയറിയത്. ഏപ്രിൽ 27നാണ് മൃതദേഹം നാട്ടിലെത്തിച്ചത്. 

തുടർന്നായിരുന്നു തന്റെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം സംഭവിക്കുന്നതെന്ന് മൊയ്ദീൻ പറയുന്നു. സഹോദരൻ റാഷിദ് മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ സഹോദരിയുടെ ഭർത്താവ് മുഹമ്മദ് സാദിഖും മരണപ്പെടുകയായിരുന്നു. റാഷിദിന്റെ സഹോദരി ഫർസാനയെ ആയിരുന്നു സാദിഖ് വിവാഹം ചെയ്തിരുന്നത്. കാസർകോടുള്ള ഭാര്യയുടെ വീടിന് സമീപത്തെ വയലിൽ ഉണ്ടായിരുന്ന വെള്ളക്കെട്ടിൽ തെന്നിവീണാണ് സാദിഖ് മരണപ്പെട്ടത്. വെള്ളക്കെട്ടിൽ വീണ സാദിഖിനെ രക്ഷിക്കാനായി മൊയ്തീൻ ചാടിയെങ്കിലും പിടിവിട്ടുപോയതിനാൽ രക്ഷിക്കാനായില്ല. മൊയ്തീനും ഒഴുക്കിൽപ്പെട്ടിരുന്നു. എന്നാൽ വയലിലെ പഴയ ഇലക്ട്രിക് പോസ്റ്റിൽ ഒരു മണിക്കൂറോളം പിടിച്ചുനിൽക്കുകയും അങ്ങനെ രക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാർ എത്തിയാണ് മൊയ്തീനെ രക്ഷപ്പെടുത്താനായത്. മൂത്ത സഹോദരനായ അബ്ദുൽ സലാമിന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഇരുവരും അവിടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വീണ സ്ഥലത്ത് നിന്ന് തന്നെയാണ് മുഹമ്മദ് സാദിഖിന്റെ മൃതദേഹം ലഭിച്ചത്. സാദിഖിന് മൂന്ന് കുട്ടികളാണുള്ളത്. ദുബൈയിലെ ഒരു സ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു സാദിഖ്.

റാഷിദ്, മൊയ്ദീൻ, സാദിഖ്, അബ്ദുൽ സലാം എന്നിവർ ഒരുമിച്ച് തന്നെയായിരുന്നു താമസം.`റാഷിദും ഞാനും 15 വർഷമായി ദുബൈയിലുണ്ട്. സാദിഖ് ദുബൈയിലെത്തിയിട്ട് ആറ് വർഷവും. ഞങ്ങൾ നാല് പേരും എപ്പോഴും ഒരുമിച്ചായിരുന്നു. എന്റെ കൺമുന്നിൽ വെച്ചാണ് രണ്ട് പേരും മരണപ്പെട്ടത്'- മൊയ്ദീൻ പറയുന്നു. റാഷിദിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൊയ്ദീനും സാദിഖും ജൂൺ 10ന് ദുബൈയിലേക്ക് തിരിച്ചുവരാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. ഇരുവരുടെയും മരണത്തിന്റെ ഞെട്ടലിൽ നിന്നും കുടുംബവും സുഹൃത്തുക്കളും ഇതുവരെ മുക്തമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം