ഹെൽത്ത്കെയർ ​ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്സ് ആണ് സ്ഥാപനത്തിലെ ആരോ​ഗ്യ പ്രവർത്തകർക്ക് കാറുകൾ സമ്മാനമായി നൽകിയത്

അബുദാബി: യുഎഇയിൽ ഇന്ത്യക്കാരുൾപ്പടെ 10 നഴ്സുമാർക്ക് സമ്മാനമായി ടൊയോട്ട ആർഎവി4 കാറുകൾ. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് അബുദാബി ആസ്ഥാനമായുള്ള ഹെൽത്ത്കെയർ ​ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്സ് ആണ് സ്ഥാപനത്തിലെ ആരോ​ഗ്യ പ്രവർത്തകർക്ക് കാറുകൾ സമ്മാനമായി നൽകിയത്. ആരോ​ഗ്യ പ്രവർത്തകർക്കുള്ള അവാർഡ് ചടങ്ങിനിടെയാണ് കാറുകളുടെ താക്കോൽ നഴ്സുമാർക്ക് കൈമാറിയത്. തികച്ചും ആകസ്മികമായ നിമിഷങ്ങൾക്കാണ് അവിടം സാക്ഷ്യം വഹിച്ചത്. കാറുകൾ ലഭിച്ച നഴ്സുമാർക്ക് ഇതു സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഏറെ അമ്പരപ്പോടെയാണ് ഓരോരുത്തരും കാറുകളുടെ താക്കോൽ ഏറ്റുവാങ്ങിയത്. 

ജോലിയിലെ മികച്ച പ്രകടനം, കമ്യൂണിറ്റി സേവനം, രോ​ഗികളിൽ ചെലുത്തുന്ന സ്വാധീനം തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് അർഹരായ നഴ്സുമാരെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട പത്ത് നഴ്സുമാരിൽ ആറ് പേരും ഇന്ത്യക്കാരാണ്. രണ്ട് ഫിലിപ്പിനോകൾ, ജോർദൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവരിൽ മറ്റുള്ളവർ. ജോലിയുടെ കാലയളവിലുണ്ടായ ഹൃദയസ്പർശിയായ അനുഭവ കഥകൾ പറയുന്നത് ഒരു വീഡിയോ ആയി ചിത്രീകരിക്കണമെന്ന് പറഞ്ഞാണ് ഇവരെ ക്ഷണിക്കുന്നത്. ഇത്തരത്തിൽ ഒരു സർപ്രൈസ് ഇതിന് പിന്നിലുണ്ടായിരുന്നെന്ന് ആരും അറിഞ്ഞിരുന്നില്ല. വീഡിയോ ചിത്രീകരിക്കാനെന്ന വ്യാജേന എത്തിച്ച ശേഷം ഇവരുടെ കൈകളിൽ ചെറിയ പെട്ടികളിലായാണ് കാറുകളുടെ താക്കോൽ സമ്മാനിച്ചത്. ആദ്യം പെട്ടി കൈയിൽ തന്നപ്പോൾ തീപ്പെട്ടിയാണെന്നാണ് കരുതിയതെന്ന് ബുർജീൽ ഹോസ്പിറ്റൽ നഴ്സ് മാനേജർ മെയ് അലെഗ്രെ പറയുന്നു. തന്റെ ജീവിതത്തിൽ ജോലിയെ അത്രമാത്രം സ്നേഹിക്കുന്നവെന്നും ഇത്തരത്തിൽ ആദരിക്കപ്പെടുമെന്ന് ഒരിക്കൽ പോലും സങ്കൽപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. 

ഇന്ത്യയിൽ നിന്നുള്ള നബീൽ മുഹമ്മദ് ഇക്ബാൽ, അനി എം. ജോസ്, അർച്ചനകുമാരി വിശ്വനാഥ പണിക്കർ, പ്രിയങ്കാദേവി കാളീശ്വരൻ, സിബി മാത്യു, വിഷ്ണു പ്രസാദ് ശാസ്താംകോവിൽ എന്നിവരും ഈജിപ്തിൽ നിന്നുള്ള സോഹർ മുഹമ്മദ് അഹമ്മദ് അലി, ജോർദാനിൽ നിന്നുള്ള മുഹമ്മദ് ഹമീദ് താഹർ, ഫിലിപ്പീൻസിൽ നിന്നുള്ള മാർക്ക് ഡാരൽ മനാലോ ഡി ലാ ക്രൂസ് എന്നിവരുമാണ് മറ്റുള്ള വിജയികൾ. ബുർജീൽ ഹോൾഡിങ്സ് സിഇഓ ജോൺ സുനിൽ, ​ഗ്രൂപ്പ് സഹ സിഇഓ സഫീർ അഹമ്മദ് എന്നിവർ ചേർന്നാണ് കാറുകളുടെ താക്കോൽ ദാനം നിർവഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം