Min read

'പാസ്പോർട്ടില്ല, 87കാരൻ റാഷിദിന് ഓർമ്മയുള്ളത് തന്‍റെ പേര് മാത്രം'; ഒടുവിൽ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് മടക്കം

'No passport, 87-year-old Rashid remembers only his name'; Finally returns to India from Sharjah
dhar

Synopsis

ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപൺ ഹൗസിലാണ് റാഷിദിനെ എല്ലാവരും പരിചയപ്പെടുന്നത്

ഷാർജ: ഓർമകൾക്ക് നഷ്ടപ്പെട്ട ആ 87കാരനായ ഇന്ത്യൻ വയോധികൻ സ്വന്തം നാട്ടിലേക്ക് മടങ്ങി. തന്റെ പേര് മാത്രമാണ് കശ്മീർ സ്വദേശിയായ റാഷിദ് അൻവർ ധറിന് ഓർമയുള്ളത്. ഷാർജ ഇന്ത്യൻ അസോസിയേഷനിലെ ഭാരവാഹികൾക്ക് മുന്നിൽ ഇദ്ദേഹം പ്രത്യക്ഷപ്പെടുമ്പോൾ ഇന്ത്യക്കാരനായ താൻ ഡോക്ടറാണെന്നും 84 വയസ്സായെന്നും മാത്രമാണ് അറിയിച്ചത്. കൈവശം പാസ്പോർട്ടുമില്ല. 

കഴിഞ്ഞ വർഷം മേയിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപൺ ഹൗസിലാണ് റാഷിദിനെ എല്ലാവരും കാണുന്നത്. ദുബായിൽ ചില ആശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഭാരവാഹികളിൽ ചിലർ അവിടങ്ങളിൽ പോയി അന്വേഷിച്ചു. എന്നാൽ, അങ്ങനെയൊരു ഡോക്ടർ അവിടെ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് റാഷിദിന് ഭക്ഷണവും താമസ സൗകര്യവും അസോസിയേഷൻ ഒരുക്കി. പിന്നീട് ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണമായിരുന്നു. ​ഗൾഫ് നാടുകളിലൊന്നും റാഷിദിന് ബന്ധുക്കൾ ഇല്ലെന്ന് മനസ്സിലാക്കിയതോടെ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ കശ്മീരിലും അന്വേഷണം ആരംഭിച്ചു. ധർ എന്ന കുടുംബ പേര് വെച്ചാണ് അന്വേഷണം നടത്തിയത്. അങ്ങനെയാണ് ശ്രീന​ഗറിലെ ഒരു ഉൾഗ്രാമമാണ് റഷീദിന്റെ സ്വദേശമെന്ന് കണ്ടെത്താനായത്. 

സ്വന്തം പാസ്പോർട്ട് കൈവശമില്ലാതിരുന്നതിനാൽ കോൺസുലേറ്റ് ഇടപെട്ട് പുതിയ പാസ്പോർട്ടും അനുബന്ധ യാത്രാ രേഖകളും ലഭ്യമാക്കി. റാഷിദിന് ആവശ്യമായ ചികിത്സയും ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ആരോ​ഗ്യം വീണ്ടെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് റാഷിദ് സ്വദേശത്തേക്ക് യാത്രയായത്. അവിടെ അദ്ദേഹത്തെ കാത്ത് സ്വന്തം കുടുംബാം​ഗങ്ങളുണ്ട്. എങ്കിലും യാത്ര പറയുമ്പോൾ സ്വന്തം കുടുംബത്തിലെ ഒരു അം​ഗത്തെപ്പോലെ തന്നെ പരിചരിച്ച, എല്ലാ സഹായങ്ങളും ചെയ്ത എല്ലാവർക്കും നന്ദി  പറയുകയും ചെയ്തിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, മറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് റാഷിദിന് സ്വന്തം നാട്ടിലണയാനായത്.

read more: സൗദിയില്‍ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം

Latest Videos