പരിപാടിയിൽ പങ്കെടുക്കാനും കാണാനുമെത്തിയവർ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ആഘോഷത്തിന് പൊലിമയേറ്റി

റിയാദ്: സൗദി സ്ഥാപകദിനത്തിന്റെ ഉത്സവാന്തരീക്ഷത്തിൽ ‘സൗദി കപ്പ് 2025’ ആറാമത് കുതിരപ്പന്തയ മത്സരത്തിന് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ റിയാദിലെ തുമാമയിൽ തുടക്കം കുറിച്ചു. പരിപാടിയിൽ പങ്കെടുക്കാനും കാണാനുമെത്തിയവർ രാജ്യത്തിന്റെ പുരാതന പൈതൃകവുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞത് ആഘോഷത്തിന് പൊലിമയേറ്റി. 

സൗദിയുടെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പ്രകടനങ്ങളാലും പരമ്പരാഗത വസ്ത്രങ്ങളാലും ഭൂതകാലത്തിന്റെ ചൈതന്യത്തെ അനുകരിക്കുന്ന കൊടി തോരണങ്ങളാലും ഉദ്ഘാടന ചടങ്ങും സ്റ്റേഡിയവും അലങ്കൃതമായി. ആഗോള കുതിരപ്പന്തയ താരങ്ങളുൾപ്പടെ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ഇത് പ്രത്യേക മാനം നൽകി. സൗദിയുടെപുരാതന ചരിത്രം കുതിരസവാരിയും മറ്റ് കായിക വിനോദങ്ങളുമായി ഇടകലർന്നതാണെന്ന വസ്തുത പുനരാവിഷ്കരിക്കപ്പെട്ടു. മൊത്തം 3.8 കോടി ഡോളർ സമ്മാനത്തുകയുള്ള സൗദി കപ്പ്, ആഗോള കുതിരപ്പന്തയ മത്സരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പാണ്.

read more: രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങൾ, സ്ഥാപകദിനം കെങ്കേമമാക്കി സൗദി അറേബ്യ