ദുബായ്: ദുബായില്‍ ബാത്ത് ടബ്ബിന്റെ ഫില്‍ട്ടറില്‍ മുടി കുരുങ്ങി 10 വയസുകാരി മുങ്ങിമരിച്ചു. വീട്ടില്‍ സജ്ജീകരിച്ചിരുന്ന ഒരു മീറ്റര്‍ മാത്രം ആഴമുള്ള ടബ്ബിലാണ് പെണ്‍കുട്ടി മുങ്ങിമരിച്ചതെന്ന് ദുബായ് പൊലീസ് ഫോറന്‍സിക് ആന്റ് ക്രിമിനോളജി വിഭാഗത്തിന് കീഴിലെ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ അഹ്‍മദ് ഹുമൈദ് അല്‍ മറി പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടിലെ ഹോട്ട് ടബ്ബ് ഉപയോഗിക്കാന്‍ പെണ്‍കുട്ടി അച്ഛനോട് അനുവാദം ചോദിച്ചിരുന്നു. ഏറെനേരം കഴിഞ്ഞും മകളെ കാണാതായതോടെ അച്ഛന്‍ അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ബാത്ത് ടബ്ബില്‍ അനക്കമറ്റ നിലയില്‍ കുട്ടിയെ കണ്ടത്. ബാത്ത് ടബ്ബിന്റെ ഫില്‍ട്ടറിനിടയില്‍ മുടി കുരുങ്ങി അനങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു കുട്ടിയുടെ ശരീരമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അപകടം നടന്ന ടബ്ബില്‍ പൊലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി. ടബ്ബിന്റെ നിര്‍മാണത്തില്‍ പിഴവുള്ളതായി ഫോറന്‍സിക് എഞ്ചിനീയറിങ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കാലുകളോ ആഭരണങ്ങളോ വസ്ത്രത്തിന്റെ ഭാഗങ്ങളോ കുടുങ്ങി അപകടമുണ്ടാവാന്‍ സാധ്യതയുള്ള തരത്തിലാണ് ടബ്ബിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്. സ്വിമ്മിങ് പൂളുകളും ബാത്ത് ടബ്ബുകളും ഉപയോഗിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കാത കുട്ടികളെ അനുവദിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.