അബുദാബി: മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 11,000 പേര്‍ക്ക് പിഴ ശിക്ഷ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വന്‍ശബ്ദത്തോടെ മെയിന്‍ റോഡുകളിലും രാജ്യത്തെ ജനവാസ മേഖലകളിലും വാഹനങ്ങളില്‍ കുതിച്ചുപാഞ്ഞവര്‍ക്കാണ് പിടിവീണതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനുവദനീയമായതിലും കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്നതോ അല്ലെങ്കില്‍ രൂപമാറ്റം വരുത്തിയതോ ആയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച് 2000 ദിര്‍ഹവും 12 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വാഹനങ്ങളില്‍ നിന്ന് ഉച്ചത്തിലുള്ള സംഗീതം പുറപ്പെടുവിക്കുന്നതിന് 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാണെന്നതിലുപരി മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷക്ക് ഭീഷണി കൂടിയാണ്. ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നവരെ റോഡില്‍ തടയുകയും വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ട്രാഫിക് അധികൃതര്‍ അറിയിച്ചു. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളുടെ ഉപയോഗം യുഎഇയില്‍ നിരോധിച്ചിട്ടുള്ളതാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.