ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിന് മുൻപ് സ്പോൺസർ നൽകിയ ക്ലിയറൻസ് പേപ്പറാണ് കോടതിയിൽ തുണയായത്
റിയാദ്: സൗദി അറേബ്യയിൽ 116 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന് ഒടുവിൽ മോചനം. കഴിഞ്ഞ അഞ്ച് മാസമായി സൗദി ജയിലിൽ കഴിയുകയായിരുന്ന ഹൈദരാബാദ് സ്വദേശി ലിയാഖത്തലിയാണ് നിയമപോരാട്ടങ്ങൾക്കൊടുവിൽ ജയിൽ മോചിതനായത്. നാല് പതിറ്റാണ്ടിലധികം റിയാദിൽ പ്രവാസിയായിരുന്ന ലിയാഖത്തലി പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചുപോയിരുന്നു. എന്നാൽ വീണ്ടും സന്ദർശന വിസയിൽ ഭാര്യയുമൊത്ത് റിയാദിൽ ജോലി ചെയ്യുന്ന മരുമകന്റെ അടുത്തെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ചാണ് ബിയാഖത്തലിയെ അധികൃതർ പിടികൂടിയത്. അറസ്റ്റ് ചെയ്തതിന്റെ കാരണം എന്താണെന്ന് അപ്പോഴും ലിയാഖത്തലിക്ക് മനസ്സിലായിരുന്നില്ല. പിന്നീടാണ് 116 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പഴയ സ്പോൺസറുടെ മകൻ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് മനസ്സിലായത്.
റിയാദിലെ പ്രമുഖ ബിസിനസ്സുകാരന്റെ സഹായിയായി ദീർഘകാലം ജോലി ചെയ്ത ലിയാഖത്തലി അഞ്ച് വർഷം മുൻപാണ് സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ പഴയ സ്പോൺസർ പത്തു മാസം മുൻപ് മരണപ്പെടുകയും ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്പോൺസർ അനുവദിച്ചിരുന്ന തുക പിൻവലിക്കാൻ ബാങ്കിലും മറ്റുമായി പോയിരുന്നത് ലിയാഖത്തലിയായിരുന്നു. പലപ്പോഴായി പിൻവലിച്ച തുകയുടെ വിവരങ്ങൾ അടക്കമാണ് സ്പോൺസറുടെ മകൻ ലിയാഖത്തലിക്കെതിരെ പരാതി നൽകിയിരുന്നത്. 42 വർഷത്തോളം ബിസിനസുകാരന്റെ കീഴിൽ സഹായിയായി ജോലി ചെയ്തിരുന്ന ലിയാഖത്തലി ശാരീരിക അവശതകളെ തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിന് മുൻപ് സ്പോൺസർ നൽകിയ ക്ലിയറൻസ് പേപ്പറാണ് കോടതിയിൽ തുണയായത്. കാൻസർ ബാധിതനായ ലിയാഖത്തലിയുടെ മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
ഒരു മാസത്തിനുള്ളിൽ കേസിൽ വിധി വരുകയും ലിയാഖത്തലി ജയിൽ മോചിതനാകുകയും ചെയ്തിരുന്നു. എന്നാൽ എതിർ കക്ഷി വീണ്ടും അപ്പീൽ നൽകുകയും അപ്പീൽ കോടതി തള്ളുകയുമായിരുന്നു. ഇതിനിടെ ഉംറ നിർവഹിക്കാനായി ഇദ്ദേഹത്തോടൊപ്പം എത്തിയ ഭാര്യ നാട്ടിലേക്ക് മടങ്ങുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു. ജയിൽ മോചിതനായ ശേഷമാണ് ലിയാഖത്തലി ഭാര്യയുടെ വിയോഗ വാർത്ത അറിയുന്നത്.
ലിയാഖത്തലിയുടെ ജയിൽ മോചനം സാധ്യമായത് ഇന്ത്യൻ എംബസ്സിയുടെയും സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെയും ഇടപെടലിലൂടെയാണ്. അഭിഭാഷകരായ റനാ അൽ ദഹ്ബാൻ, ഉസാമ അൽ അമ്പർ എന്നിവരാണ് കോടതിയിൽ ഹാജരായത്. ഏറെ ആഗ്രഹിച്ചിട്ടും കേസ് സംബന്ധിച്ച ഭയവും ഭാര്യയുടെ വിയോഗവും മൂലം ഉംറ നിർവ്വഹിക്കാതെയാണ് ലിയാഖത്തലി നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.
