നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെയും തൊഴില്‍ നിയമ ലംഘകരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയും കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. നിരവധിപ്പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്‍ക്കിടെ അറസ്റ്റ് ചെയ്‍തത്.

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട വിവിധ രാജ്യക്കാരായ 12 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ് വേഷത്തില്‍ ആളുകളില്‍ നിന്ന് പണം തട്ടിയെ ഒരു പ്രവാസിയും പരിശോധനയില്‍ കുടുങ്ങി. അഹ്‍മദിയില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തത്. താമസ നിയമ ലംഘകരായ അഞ്ച് പ്രവാസികളെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

അഹ്‍മദിയില്‍ പെണ്‍വേഷം ധരിച്ച് കവര്‍ച്ച നടത്തിയ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഷോപ്പിങ് മാളിലെ ജ്വല്ലറി സ്റ്റോറില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

Read also: വിദേശത്തു നിന്നു വന്ന പാര്‍സലില്‍ കഞ്ചാവ്; ഏറ്റുവാങ്ങാനെത്തിയ യുവതി അറസ്റ്റില്‍

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെ പിടികൂടുകയാണ്. 

പ്രവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ രാത്രിയിലും പുലര്‍ച്ചെയുമൊക്കെ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുന്നുണ്ട്. പിടിയിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തു നിന്ന് നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങിവരാനാവില്ല. നിശ്ചിത കാലയളില്‍ മറ്റൊരു ജി.സി.സി രാജ്യത്തേക്കും പ്രവേശിക്കാനാവത്ത വിധത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തും. നൂറു കണക്കിന് പ്രവാസികളെ കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തില്‍ നിന്ന് ഇത്തരത്തില്‍ നാടുകടത്തിയിട്ടുണ്ട്.

Read also:  കുവൈത്തില്‍ ജൂത മത ചിഹ്നങ്ങളുള്ള ആഭരണങ്ങള്‍ വിറ്റതിന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടി