റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമ ലംഘനത്തിനും അതിര്‍ത്തി നുഴഞ്ഞുകയറ്റത്തിനും പൊലീസ് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരില്‍ 1200 പേര്‍ ഒന്നര മാസത്തിനിടെ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസം 900 പേരും ഈയാഴ്ച 300 പേരുമാണ് പോയത്. എല്ലാവരും റിയാദ് എയര്‍പോര്‍ട്ട് വഴി സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് യാത്ര ചെയ്തത്.

ഇഖാമ പുതുക്കാത്തത്, സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയത് (ഹുറൂബ്), തൊഴില്‍ നിയമലംഘനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. മലയാളികള്‍, തമിഴ്‌നാട്ടുകാര്‍, തെലങ്കാന/ആന്ധ്ര, രജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, അസാം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നാടണഞ്ഞത്. അവസാനം പോയ 300 പേരില്‍ 30 മലയാളികളുണ്ട്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, രാജേഷ് കുമാര്‍, യൂസുഫ് കാക്കഞ്ചേരി, അബ്ദുല്‍ സമദ്, തുഷാര്‍ എന്നിവരാണ് ഇവരുടെ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കിയത്. കൊറോണ വ്യാപനമുണ്ടായ ശേം 10 മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം ഇതോടെ 5208 ആയി. കൊറോണ പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയില്‍ ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്.