കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന 1,20,000 പ്രവാസികളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. പിഴയടക്കാതെ രാജ്യം വിടേണ്ടവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തവരാണ് ഇവരെന്നും അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ പിടികൂടാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

അനധികൃത താമസക്കാരെ പിടികൂടി പിഴ ഈടാക്കിയ ശേഷം നാടുകടത്താനാണ് തീരുമാനം. ഒരാള്‍ക്ക് 600 ദിനാര്‍ വരെ അനധികൃത താമസത്തിന് പിഴ ലഭിക്കും. ഇത്തരക്കാരുടെ വിമാന ടിക്കറ്റ് ചിലവ് സ്‍പോണ്‍സര്‍മാര്‍ വഹിക്കേണ്ടി വരുമെന്നും അതത് സമയത്ത് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ കച്ചവടക്കാര്‍ വഴി രാജ്യത്ത് എത്തിയ ശേഷം മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇവരില്‍ ഭൂരിഭാഗവുമെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.