ഷാര്‍ജ: റാസല്‍ഖൈമയില്‍ നിന്ന് കാണാതായ 13 വയസുകാരിയെ ഷാര്‍ജയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുട്ടിയെ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആരോ തട്ടിക്കൊണ്ട് പോയിരിക്കാമെന്നു കരുതി അച്ഛന്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ചില കുടുംബ പ്രശ്നങ്ങള്‍ കാരണം കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി മിനാഖസ് പറഞ്ഞു.

കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം റാസല്‍ഖൈമയില്‍ നിന്ന് ഷാര്‍ജയില്‍ എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷാര്‍ജ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി. കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും സാധ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കുകയും ചെയ്തു. അതേസമയം ഈ സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ അതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളില്‍ അധികവും അസത്യമാണെന്നും അധികൃതര്‍ പറഞ്ഞു.