താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത സൗകര്യങ്ങളും താമസ സംവിധാനങ്ങളും നൽകിയതിന് 10 പേർ അറസ്റ്റിലായി. 

റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ നാടുകടത്തിയത് 13,250 പ്രവാസികളെയെന്ന് ഔദ്യോഗിക കണക്കുകള്‍. രാജ്യത്തെ തൊഴിൽ, താമസ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. അതിനിടെ ഡിസംബർ 22 മുതൽ 28 വരെ പുതുതായി 15,328 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തു. ഇതിൽ 8,808 പേർ താമസ നിയമലംഘകരാണ്. 

പിടിയിലായവരില്‍ 4,038 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങളുടെ ലംഘകരും 2,482 തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 552 പേർ പിടിയിലായി. ഇതിൽ 48 ശതമാനം യമൻ പൗരന്മാരും 47 ശതമാനം എത്യോപ്യക്കാരും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരമാണ്. 116 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. 

താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത സൗകര്യങ്ങളും താമസ സംവിധാനങ്ങളും നൽകിയതിന് 10 പേർ അറസ്റ്റിലായി. മൊത്തം 36,787 നിയമലംഘകർ നിലവിൽ നിയമങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയില്‍ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 35,147 പുരുഷന്മാരും 1,640 സ്ത്രീകളുമാണ്. 27,029 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ കാര്യങ്ങൾ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് റഫർ ചെയ്തു. 2,263 നിയമലംഘകരുടെ യാത്രാ റിസർവേഷൻ നടപടി പൂർത്തിയാക്കി. 

Read also: ദുബൈയില്‍ മദ്യത്തിന്റെ 30 ശതമാനം നികുതി എടുത്തുകളഞ്ഞു; മദ്യം ഉപയോഗിക്കാനുള്ള ലൈസന്‍സിനും ഇനി ഫീസില്ല

അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിലും അധികൃതര്‍ നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 9,517 നിയമലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്‍തിരുന്നവരും രാജ്യത്തെ താമസ നിയമങ്ങള്‍ അനുസരിക്കാതെ ഇവിടെ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. താഴ്‍ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി രാജ്യത്തു നിന്ന് ഒഴിവാക്കാനും വിസ കച്ചവടവും തട്ടിപ്പും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.

Read also: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ വര്‍ണാഭമായ പുതുവത്സര ആഘോഷം