പരിക്കേറ്റ 11 സൈക്കിള്‍ യാത്രക്കാരെ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേര്‍ക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ ചികിത്സ നല്‍കി വിട്ടയച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ 15 സൈക്കിള്‍ യാത്രക്കാരെ കാറിടിച്ചു വീഴ്‍ത്തിയ ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കടല്‍തീരത്തു കൂടിയുള്ള അറേബ്യന്‍ ഗള്‍ഫ് റോഡില്‍ കൂട്ടമായി യാത്ര ചെയ്യുകയായിരുന്ന പ്രവാസികളെയാണ് അമിത വേഗത്തില്‍ കാറിലെത്തിയ ആള്‍ ഇടിച്ചുവീഴ്‍ത്തിയത്. അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റ 11 സൈക്കിള്‍ യാത്രക്കാരെ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേര്‍ക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ ചികിത്സ നല്‍കി വിട്ടയച്ചു.
അപകടത്തിനിരയായ പ്രവാസികള്‍ അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് കൂട്ടമായി സൈക്കിളില്‍ യാത്ര ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പാക്കാന്‍ ഇവര്‍ക്ക് പൊലീസ് അകമ്പടി ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അപകടം സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പാരാമെഡിക്കല്‍ ജീവനക്കാര്‍ അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം പരിക്കേറ്റവരെ ആശപത്രികളില്‍ എത്തിച്ചു. അപകട സ്ഥലത്തെത്തിയ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താന്‍ ക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also: ഫിലിപ്പൈന്‍സ് പൗരന്മാര്‍ക്ക് വിസ അനുവദിക്കില്ല; വിലക്ക് തുടരാന്‍ തീരുമാനിച്ച് കുവൈത്ത്

