അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150കടന്നു. യുഎഇയിലും സൗദിയിലുമാണ് കൂടുതൽ മലയാളികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ആശങ്ക ഉയര്‍ത്തുകയാണ്.

1045 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 153 പേർ മലയാളികളാണ്. യുഎഇ-91, സൗദി- 34, കുവൈത്ത് 25, ഒമാൻ രണ്ട്, ഖത്തർ ഒന്ന് എന്നിങ്ങനെയാണ് മലയാളികളുടെ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തത്. പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ കൂടുതലാണെന്നത് കൊവിഡ് സങ്കീർണത രൂക്ഷമാക്കുന്നു

ലേബർ ക്യാമ്പുകളിലും അവിവാഹിതരായവര്‍ മുറികളിലും കൂട്ടമായി താമസിക്കുന്നതിനാൽ മലയാളികൾക്കിടയിൽ രോഗവ്യാപനവും കൂടുതലാണ്. മരിച്ച മലയാളികളിൽ 22കാരൻ മുതൽ വയോധികർ വരെയുണ്ട്. ഇവരിൽ പലരുടെയും മരണത്തോടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സാണ്  ഇല്ലാതായത്. ഡോക്ടർ ഉൾപ്പെടെ മൂന്ന് മലയാളി ആരോഗ്യ പ്രവർത്തകരും ഗള്‍ഫില്‍ കൊവിഡ് പോരാട്ടത്തിൽ ജീവൻ നഷ്ടമായവരില്‍പ്പെടുന്നു. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാറുകൾ ആശ്വാസമേകണമെന്ന ആവശ്യം പ്രവാസലോകത്ത് ശക്തമാകുകയാണ്.

പിടിമുറുക്കി കൊവിഡ്; ഗള്‍ഫില്‍ 24 മണിക്കൂറിനിടെ 6,500ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു