കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 16 കിലോഗ്രാം നിരോധിത പുകയില പിടികൂടി. പതിവ് ബാഗേജ് പരിശോധനാ നടപടികൾക്കിടെയാണ് ഇവ പിടികൂടിയത്.
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 4ൽ വൻതോതിൽ നിരോധിത പുകയില പിടികൂടി. നിരോധിത ച്യൂയിംഗ് ടൊബാക്കോ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വിജയകരമായി തടയുകയായിരുന്നു. ഇന്ത്യയിൽ നിന്നെത്തിയ വിമാനത്തിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. പതിവ് ബാഗേജ് പരിശോധനാ നടപടികൾക്കിടെയാണ് ഇവ പിടികൂടിയത്. ഒരു വലിയ സ്യൂട്ട്കേസിനുള്ളിൽ അസാധാരണമായ ഒരു വസ്തു ഒളിപ്പിച്ചിട്ടുള്ളതായി എക്സ്റേ സ്കാനറുകൾ വഴി കസ്റ്റംസ് അധികൃതർ കണ്ടെത്തുകയായിരുന്നു.
കൺവെയർ ബെൽറ്റിൽ നിന്ന് യാത്രക്കാരൻ തന്‍റെ ലഗേജ് എടുത്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന ആരംഭിച്ചു. വിശദമായി ബാഗ് പരിശോധിച്ചപ്പോൾ ഏകദേശം 16 കിലോഗ്രാം പുകയില കണ്ടെടുത്തു. ഉദ്യോഗസ്ഥർ ഉടൻ തന്നെ റിപ്പോർട്ട് തയ്യാറാക്കുകയും പുകയില കണ്ടുകെട്ടുകയും ചെയ്തു. യാത്രക്കാരനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.


