ശാസ്ത്ര-സാങ്കേതിക മേഖലയിലെ വനിതാ ശാക്തീകരണത്തിൽ കുവൈത്ത് ലോകത്ത് ഏറ്റവും ഉയർന്ന സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളായ കുവൈത്ത് യൂണിവേഴ്സിറ്റിയും അബ്ദുല്ല അൽ-സലേം യൂണിവേഴ്സിറ്റിയും നയിക്കുന്നത് വനിതകളാണ്.
കുവൈത്ത് സിറ്റി: ശാസ്ത്ര-സാങ്കേതിക മേഖലയിലെ വനിതാ ശാക്തീകരണത്തിൽ കുവൈത്ത് ലോകത്ത് ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ. 70 ശതമാനം വളർച്ച നിരക്കാണ് രേഖപ്പെടുത്തിയതെന്ന് വിദേശകാര്യ സഹമന്ത്രി അംബാസഡർ ശൈഖ ജവാഹർ ഇബ്രാഹിം അൽ-ദുവൈജ് അൽ-സബാഹ് സ്ഥിരീകരിച്ചു. മെയ് ചിദിയാക് ഫൗണ്ടേഷൻ ബെയ്റൂട്ടിൽ സംഘടിപ്പിച്ച 'വനിതകൾ മുന്നണിയിൽ' എന്ന കോൺഫറൻസിന്‍റെ ആദ്യ സെഷനിൽ സംസാരിക്കവെയാണ് ശൈഖ ജവാഹർ വിവിധ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ കുവൈത്ത് കൈവരിച്ച ശ്രദ്ധേയമായ പുരോഗതി വിവരിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളായ കുവൈത്ത് യൂണിവേഴ്സിറ്റിയും അബ്ദുല്ല അൽ-സലേം യൂണിവേഴ്സിറ്റിയും നയിക്കുന്നത് വനിതകളാണ്. എണ്ണ മേഖല, ബാങ്കിംഗ്, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വനിതകളുടെ ശക്തമായ പ്രാതിനിധ്യമുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനുള്ളിൽ സാമ്പത്തിക, ജുഡീഷ്യൽ, നയതന്ത്ര, സുരക്ഷാ, സൈനിക മേഖലകൾ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ കുവൈത്തി വനിതകൾ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ശൈഖ ജവാഹർ പറഞ്ഞു. പൊതുരംഗത്തെ സ്ത്രീകളുടെ ശാക്തീകരണത്തെയും പങ്കാളിത്തത്തെയും പിന്തുണയ്ക്കുന്ന നിരവധി നിയമങ്ങളും ചട്ടങ്ങളും കുവൈത്ത് നടപ്പിലാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


