ദമാം: സൗദിയിൽ കൊവിഡ് 19 വൈറസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇതുവരെ 17 ഇന്ത്യക്കാരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് ആകെ എട്ട് പേരാണ് സൗദിയില്‍ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. പുതുതായി രോഗം സ്ഥിരീകരിച്ചത് 1266 പേർക്കാണ്. 

ഒരാഴ്ചക്കിടെ മൂന്നു മലയാളികൾ കൂടി മരിച്ചതോടെയാണ് സൗദിയിൽ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായത്. മലയാളികളെ കൂടാതെ അഞ്ചു മഹാരാഷ്ട്ര സ്വദേശികൾ, മൂന്ന് ഉത്തർപ്രദേശുകാർ, രണ്ടു ബീഹാർ സ്വദേശികൾ രണ്ടു തെലങ്കാന സ്വദേശികൾ എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചത് മദീനയിലാണ്. ആറ് ഇന്ത്യക്കാരാണ് മദീനയില്‍ മരിച്ചത്. 

മക്കയിൽ അഞ്ചും ജിദ്ദയിലും റിയാദിലും രണ്ടുപേരുവീതവും ദമ്മാമിലും ബുറൈദയിലും ഓരോ ഇന്ത്യക്കാരനുമാണ് മരിച്ചത്. അതേസമയം, കൊവിഡ് 19 ബാധിച്ചു 24 മണിക്കൂറിനിടെ സൗദിയിൽ മരിച്ചത് എട്ട് പേരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദയിലും മക്കയിലുമായാണ് എട്ടുപേരും മരിച്ചത്. 

മരണസംഖ്യ ഇതോടെ 152 ആയി. പുതുതായി ഇന്ന് 1266 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 20077 ആയി ഉയർന്നു. ഇതിൽ 17144 പേര് ചികിത്സയിലാണ്. 253 പേർക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2784 ആയി. മക്കയിലാണ് ഏറ്റവും കൂടുതൽ പേരിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈൽ 58, ദമ്മാം 35, തായിഫ് 32 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 

മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍

ഈ മാസം 23ന് റിയാദിൽ മരിച്ച പുനലൂർ സ്വദേശി വിജയകുമാരൻ നായർ (51), 24ന് മക്കയിൽ മരിച്ച സാഹിർ ഹുസൈൻ (54), 26ന് ബുറൈദയിൽ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ് ഖാൻ (51) എന്നിവരാണ് മലയാളികൾ. 23ന് മദീനയിൽ മരിച്ച ബിഹാർ സ്വദേശി ജലാൽ അഹമ്മദ് പവാസ്കർ (61), 24ന് മക്കയിൽ മരിച്ച മുഹമ്മദ് ഇസ്ലാം (53), 12ന് മക്കയിൽ മരിച്ച മറ്റൊരു ബിഹാർ സ്വദേശി അബ്ര ആലം മുഹമ്മദ് അൽമഗിർ (48) എന്നിവരാണ് മറ്റ് ഇന്ത്യൻ പൗരന്മാർ. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് (29) മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി നടമേൽ സഫ്വാൻ (41) റിയാദിലും ഈ മാസം നാലിന് മരിച്ചത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ളവർ ഇവരാണ്: ഉത്തർപ്രദേശ് സ്വദേശി ബദർ ആലം (41), മഹാരാഷ്ട്ര സ്വദേശി സുലൈമാൻ സയ്യിദ് (59), തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ (65), മഹാരാഷ്ട്ര സ്വദേശി ബർക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖീർ (63), തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (63), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസ്ലം ഖാൻ (61), മഹാരാഷ്ട്ര സ്വദേശി തൗസിഫ് ബാൽബലെ (40), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് -ഫഖീർ ആലം (61), മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49).