ആഴത്തിലുള്ള 17 കുത്തുകളാണ് മെറിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. കുത്തേറ്റ് നിലത്ത് വീണപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റുകയായിരുന്നു.

വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സായ മോനിപ്പള്ളി ഊരാളിൽ വീട്ടിൽ മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27)യെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ വിധി വരുമ്പോള്‍ വീണ്ടും നൊമ്പരമാകുകയാണ് മെറിന്‍റെ മരണം.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മെറിന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് അച്ഛനോടും അമ്മയോടും സഹോദരിയോടും സംസാരിക്കുകയും ഏകമകള്‍ നോറയെ കാണുകയും ചെയ്തിരുന്നു. മെറിന്‍ കൊല്ലപ്പെടുമ്പോള്‍ രണ്ട് വയസ്സായിരുന്നു നോറയ്ക്ക് പ്രായം. പിന്നീട് വീട്ടുകാര്‍ അറിഞ്ഞത് ക്രൂരമായ കൊലപാതകത്തിന്‍റെ വാര്‍ത്തയായിരുന്നു.

ആഴത്തിലുള്ള 17 കുത്തുകളാണ് മെറിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. കുത്തേറ്റ് നിലത്ത് വീണപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും എംബാം ചെയ്യാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുഎസിലെ റ്റാംപയിലെ കത്തോലിക്ക ദേവാലയത്തില്‍ സംസ്കാരം നടത്തിയത്.

സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോഡ്സിൽ വെച്ച് ഭർത്താവ് ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്. 2020 ജൂലൈ 28ന് ആണ് സംഭവം. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മെറിനെ ഫിലിപ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 

Read Also - 'കുത്തിയത് അയാൾ തന്നെ, മെറിന്‍റെ മരണമൊഴി'; യുഎസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

മെറിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തില്‍ ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്ക് മുമ്പില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു 45 മിനിറ്റോളം കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ കേസില്‍ നിര്‍ണായകമായിരുന്നു. ദൃക്സാക്ഷിയെ ഫിലിപ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളാണ് കാറിന്‍റെ ഫോട്ടോയെടുത്ത് പൊലീസിനെ അറിയിച്ചത്. കുത്തിയത് ഭര്‍ത്താവാണെന്ന് മെറിന്‍ പറയുന്നതും പൊലീസ് ചിത്രീകരിച്ചിരുന്നു.

തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിൻ മരണമൊഴി നൽകിയിരുന്നു. മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തകരും പൊലീസിന് മൊഴി നൽകിയിരുന്നു. ഭർത്താവ് ഫിലിപ്പിനെ ഭയന്നാണ് മെറിൻ ഓരോ ദിവസവും ജീവിച്ചതെന്നും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു. കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാൽ ഫിലിപ്പിനെ വധശിക്ഷയിൽ നിന്നും ഒഴിവാക്കി. ജീവപര്യന്തം തടവിന് പുറമേ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. മകൾക്ക് നീതി ലഭിച്ചതായി മെറിന്‍റെ അമ്മ മേഴ്സി പറഞ്ഞു. മെറിന്‍റെ കുഞ്ഞ് മേഴ്സിക്കൊപ്പമാണ്.