ഫുജൈറ: പിന്നിലേക്കെടുത്ത കാറിടിപ്പ് ഒന്നര വയസുകാരന് ദാരുണാന്ത്യം. യുഎഇയിലെ ഫുജൈറയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് ഫുജൈറ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങളെ സ്ഥലത്തേക്കയച്ചു. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിബ്ബ അല്‍ ഫുജൈറയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുപിന്നില്‍ കളിക്കുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്. കുട്ടി  നില്‍ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടില്ല. പിന്നിലേക്കെടുത്ത കാറിന്റെ ടയറിനടിയില്‍പെട്ടായിരുന്നു കുട്ടി മരിച്ചത്. ചെറിയ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഡ്രൈവര്‍മാരും ശ്രദ്ധിക്കണം. യുഎഇയില്‍ പലയിടങ്ങളിലായി ഇത്തരം സംഭവങ്ങളില്‍ നിരവധി കുട്ടികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ റിവേഴ്‍സ് എടുത്ത് പാര്‍ക്ക് ചെയ്യുകയും പിന്നീട് എടുക്കുമ്പോള്‍ മുന്നിലേക്ക് എടുക്കുകയും ചെയ്യുകയാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരു വഴിയെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു.