മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത് കഅബയ്ക്കു് ചുറ്റുമായാണ് 18 ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിൽ നാലെണ്ണം പള്ളിയുടെ ഒന്നാം നിലയിലാണ്. ഇവിടെ സാമൂഹിക അകലം പാലിച്ച് ത്വവാഫ് ചെയ്യുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. 

റിയാദ്: കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയുള്ള സാമൂഹിക അകലം പാലിച്ച് മക്കയിൽ കഅബ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നതിന് കൃത്യമായ അകലം നിശ്ചയിച്ച് 18 ട്രാക്കുകൾ ഒരുക്കി. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത് കഅബയ്ക്കു് ചുറ്റുമായാണ് 18 ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിൽ നാലെണ്ണം പള്ളിയുടെ ഒന്നാം നിലയിലാണ്. ഇവിടെ സാമൂഹിക അകലം പാലിച്ച് ത്വവാഫ് ചെയ്യുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ പ്രാര്‍ഥനയ്ക്കു മാത്രമായി 2000 പേരെ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്ഥലവും മാര്‍ക്ക് ചെയ്തിട്ടുണ്ട്. കഅബ ത്വവാഫ് ചെയ്യുന്നവര്‍ നിര്‍ദ്ദിഷ്ട പാതയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ട്രാക്കിലൂടെ മാത്രമേ നീങ്ങാവൂ എന്ന് അധികൃതര്‍ അറിയിച്ചു. ട്രാക്കുകള്‍ പരസ്പരം മുറിച്ച് കടന്ന് ത്വവാഫ് ചെയ്യാന്‍ അനുവദിക്കില്ല. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ ശേഷി അര ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഇത്തവണ ഉയര്‍ത്തിയിരുന്നു. നമസ്‌ക്കാരത്തിനെത്തുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണിത്. വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് ഇത്തവണ മക്കയിലും മദീനയിലും പ്രാര്‍ഥനയ്ക്കും തീര്‍ത്ഥാടനത്തിനും അനുമതി നല്‍കുന്നത്.