ഒരു സുഹൃത്തിന്റെ വീട് അന്വേഷിച്ചാണ് കെയ്‍ലിന്‍ ഗില്ലിസും മറ്റ് രണ്ട് പേരും കാറില്‍ യാത്ര ചെയ്തത്. എന്നാല്‍ അല്‍പദൂരം മുന്നോട്ട് പോയപ്പോള്‍ വഴിതെറ്റിയെന്ന് മനസിലാക്കി ഇവര്‍ വാഹനം തിരിച്ചു. 

ന്യൂയോര്‍ക്ക്: വഴിതെറ്റി വാഹനമോടിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 20 വയസുകാരിക്ക് ദാരുണാന്ത്യം. ന്യൂയോര്‍ക്കിലായിരുന്നു സംഭവം. കെയ്‍ലിന്‍ ഗില്ലിസ് എന്ന 20 വയസുകാരിയാണ് മരിച്ചത്. വെടിവെച്ച 65 വയസുകാരന്‍ കെവിന്‍ മൊനാഹന്‍ എന്നയാളിനെ അറസ്റ്റ് ചെയ്‍തതായി വാഷിങ്ടണ്‍ കൗണ്ടി പൊലീസ് അറിയിച്ചു.

ഒരു സുഹൃത്തിന്റെ വീട് അന്വേഷിച്ചാണ് കെയ്‍ലിന്‍ ഗില്ലിസും മറ്റ് രണ്ട് പേരും കാറില്‍ യാത്ര ചെയ്തത്. എന്നാല്‍ അല്‍പദൂരം മുന്നോട്ട് പോയപ്പോള്‍ വഴിതെറ്റിയെന്ന് മനസിലാക്കി ഇവര്‍ വാഹനം തിരിച്ചു. ഈ സമയത്ത് തൊട്ടുമുന്നിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വന്ന 65 വയസുകാരന്‍ തന്റെ കാര്‍ പോര്‍ച്ചില്‍ നിന്ന് വാഹനത്തിന് നേരെ രണ്ട് തവണ വെടിവെയ്ക്കുകയായിരുന്നു.

മോശം റോഡുകളുള്ള ഗ്രാമ പ്രദേശമായിരുന്നു ഇതെന്നും മൊബൈല്‍ ഫോണ്‍ കവറേജ് കുറഞ്ഞ ഇവിടെ വഴിതെറ്റാന്‍ വളരെയധികം സാധ്യതയുമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു ഡ്രൈവ് വേയിലൂടെ അല്‍പം മുന്നോട്ട് പോയപ്പോഴാണ് വഴി തെറ്റിപ്പോയെന്ന് മനസിലാക്കി ഇവര്‍ വാഹനം തിരിച്ചത്. വാഹനത്തില്‍ നിന്ന് ആരും പുറത്തിറങ്ങുകയോ വെടിവെച്ച ആളുമായി വാഹനത്തിലുണ്ടായിരുന്ന ആരും എന്തെങ്കിലും സംസാരിക്കുകയോ ചെയ്തിരുന്നില്ല.

വാഹനത്തിലുണ്ടായിരുന്ന ആരില്‍ നിന്നും യാതൊരു തരത്തിലുമുള്ള ഭീഷണിയും ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെ വെടിവെയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വെടിവെപ്പിന് ശേഷം എല്ലാവരും തൊട്ടടുത്ത ടൗണിലേക്ക് വാഹനം ഓടിച്ചുപോയി. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമായ സ്ഥലത്തെത്തിയപ്പോള്‍ 911ല്‍ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. കെവിന്‍ മൊനാഹനെതിരെ രണ്ടാം ഡിഗ്രിയിലുള്ള കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Read also: ക്യാന്‍സര്‍ ബാധിച്ച് മലയാളി നഴ്സ് യു.കെയില്‍ മരിച്ചു