യുഎഇയിലെ എണ്ണ-വാതക മേഖലയിലെ പ്രമുഖ കമ്പനിയായ പെട്രോഫാക്കിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. വർഷങ്ങളോളം ജോലി ചെയ്തതിന്‍റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ജീവനക്കാര്‍.

ദുബൈ: യുഎഇയിലെ എണ്ണ-വാതക മേഖലയിലെ പ്രമുഖ കമ്പനിയായ പെട്രോഫാക്കിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കൂട്ട പിരിച്ചുവിടലിന് ഇരയായ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ് പെട്ടെന്നുണ്ടായ പിരിച്ചുവിടലിനെ തുടർന്ന് തങ്ങളുടെ സർവീസ് ആനുകൂല്യങ്ങൾ എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. വർഷങ്ങളോളം ജോലി ചെയ്തതിന്‍റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്നും ഇവർ ഭയപ്പെടുന്നതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ജീവനക്കാർക്ക് വ്യക്തിപരമായി ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കണക്കാക്കുമ്പോൾ, ആകെ ലഭിക്കാനുള്ള ഗ്രാറ്റുവിറ്റി തുക 27 മില്യൺ ദിർഹമിന് മുകളിൽ (65 കോടിയിലേറെ ഇന്ത്യൻ രൂപ) വരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ചൊവ്വാഴ്ച (നവംബർ 18) നടന്ന ടൗൺ ഹാൾ മീറ്റിംഗിലാണ് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം അറിയിച്ചത്. പല ജീവനക്കാരോടും അവരുടെ നോട്ടീസ് പിരീഡ് പോലും നൽകാതെ ഉടൻ തന്നെ ജോലി ഉപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ടു. ഗ്രാറ്റുവിറ്റി അല്ലെങ്കിൽ സെറ്റിൽമെന്‍റ് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാത്തത് കാരണം ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. പലർക്കും വലിയ സാമ്പത്തിക ബാധ്യതകളുണ്ട്.

'കമ്പനി സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന് അറിയാമായിരുന്നു. ചില സഹപ്രവർത്തകർ ഇത് മുൻകൂട്ടി കണ്ട് രാജിവെച്ചിരുന്നു. എങ്കിലും പിരിച്ചുവിടൽ നിയമപരമായി ചെയ്യേണ്ടതുണ്ട്. ഇവിടെ നിയമങ്ങളോ ധാർമ്മികതയോ പാലിക്കുന്നില്ല'- 13 വർഷമായി കമ്പനിയിൽ പ്രവർത്തിക്കുന്ന ഒരു മുതിർന്ന മാനേജർ ഖലീജ് ടൈംസിനോട് വെളിപ്പെടുത്തി.

കുടിശ്ശിക സംബന്ധിച്ച് അവ്യക്തത

ജോലി നഷ്ടപ്പെടാൻ ജീവനക്കാർ മാനസികമായി തയ്യാറായിരുന്നുവെങ്കിലും, ഗ്രാറ്റുവിറ്റി, ലീവ് ബാലൻസ്, ഫൈനൽ സെറ്റിൽമെന്‍റ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കമ്പനി മറച്ചുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

'ഏകദേശം 200 പേരെയാണ് പിരിച്ചുവിട്ടത്. എന്നാൽ ആർക്കും അവരുടെ ആനുകൂല്യങ്ങൾ എപ്പോൾ നൽകുമെന്ന് അറിയിച്ചിട്ടില്ല. ടൗൺ ഹാളിൽ ഞങ്ങൾ ചോദിച്ചിട്ടും ഉടൻ പണം നൽകാൻ ഉദ്ദേശമില്ലെന്ന് വ്യക്തമായിരുന്നു.-$90,000-ലധികം (330,525 ദിര്‍ഹം) ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള ഒരു ജീവനക്കാരൻ പറഞ്ഞു.

മറ്റൊരു ജീവനക്കാരന്‍റെ കണക്കനുസരിച്ച്, പിരിച്ചുവിട്ട ജീവനക്കാർക്ക് മൊത്തത്തിൽ 27 ദിര്‍ഹം മില്യൺ വരെ ലഭിക്കാനുണ്ട്. അദ്ദേഹത്തിന് മാത്രം ഏകദേശം 600,000 ദിര്‍ഹം ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്. ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്ന് തങ്ങൾക്കറിയാം പക്ഷേ അവർ ശരിയായ നടപടിക്രമങ്ങൾ പാലിക്കണം. വർഷങ്ങളായി തങ്ങൾ അധ്വാനിച്ചുണ്ടാക്കിയത് മാത്രമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ പ്രതികരണം

ഗ്രാറ്റുവിറ്റിയെക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ അത് പരിശോധിക്കുകയാണ് എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് മറ്റൊരു ജീവനക്കാരൻ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 27-ന്, നെതർലാൻഡിലെ ഡച്ച് ഗ്രിഡ് ഓപ്പറേറ്ററായ ടെനെറ്റ് ഒരു വലിയ ഓഫ്‌ഷോർ കാറ്റാടി കരാർ റദ്ദാക്കിയതിനെത്തുടർന്ന്, തങ്ങളുടെ ഹോൾഡിംഗ് കമ്പനിക്ക് അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കാൻ ഹൈക്കോടതിയിൽ അപേക്ഷിച്ചിരുന്നതായി പെട്രോഫാക് അറിയിച്ചിരുന്നു. 2 ബില്യൺ യൂറോയുടെ (7.8 ബില്യൺ ദിര്‍ഹം) ഈ പദ്ധതി കമ്പനിയുടെ കടം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായിരുന്നു. അതേസമയം, യുഎഇയിലെ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ, യുഎഇയിലെ പ്രോജക്റ്റ് പോർട്ട്‌ഫോളിയോയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്ന് പെട്രോഫാക് വ്യക്തമാക്കി.