ഒക്ടോബര്‍ 23 ന് വൈകീട്ട് നാല് മണിയോടെ മഞ്ചേരി എസ് എച്ച് ബി ടി ബസ് സ്റ്റാന്റില്‍ എത്തിയ സ്വകാര്യ ബസില്‍ കയറിയ അര്‍ജുന്‍ ശങ്കറും കൂട്ടാളികളും കൃത്രിമമായി തിരക്കുണ്ടാക്കി. ശേഷം വയോധികന്റെ പോക്കറ്റ് കീറിയാണ് പണം കവര്‍ന്നത്

കോഴിക്കോട്: സ്വകാര്യ ബസില്‍ കൃത്രിമ തിരക്കുണ്ടാക്കി വയോധികന്റെ പോക്കറ്റടിച്ച കേസിലെ മുഖ്യപ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടത്തായി സ്വദേശി പുതിയേടത്ത് വീട്ടില്‍ അര്‍ജുന്‍ ശങ്കര്‍ (35) ആണ് അറസ്റ്റിലായത്. ബസില്‍ കൃത്രിമ തിരക്കുണ്ടാക്കി വയോധികന്റെ പാന്‍റ്സിന്‍റെ പോക്കറ്റ് മുറിച്ച ശേഷം 25,000 രൂപയും 14,000 യു എ ഇ ദിര്‍ഹവും (മൂന്നര ലക്ഷത്തോളം രൂപ വില വരും) മാണ് സംഘം കവര്‍ന്നത്. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവം ഇങ്ങനെ

ഒക്ടോബര്‍ 23 ന് വൈകീട്ട് നാല് മണിയോടെ മഞ്ചേരി എസ് എച്ച് ബി ടി ബസ് സ്റ്റാന്റില്‍ എത്തിയ സ്വകാര്യ ബസില്‍ കയറിയ അര്‍ജുന്‍ ശങ്കറും കൂട്ടാളികളും കൃത്രിമമായി തിരക്കുണ്ടാക്കി. ശേഷം വയോധികന്റെ പോക്കറ്റ് കീറിയാണ് സംഘം പണം കവര്‍ന്നത്. കേസിലെ മറ്റ് പ്രതികളായ ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുള്ളക്കോയ (46), കൊണ്ടോട്ടി കളോത്ത് തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലിന്‍ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍ഖിഫില്‍ അക്കര (45) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അര്‍ജുന്‍ ശങ്കര്‍ ഇതിന് മുന്‍പും സമാന കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണം നടത്തിയത്.

തൃശൂരിലെ ക്യാമറ മോഷണം പിടിയിൽ

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ക്യാമറകൾ മോഷ്ടിച്ച യുവാവ് പിടിയിലായി എന്നതാണ്. വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടം പരിസരത്ത് താമസിച്ചു വരുന്ന ആളുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ (ക്യാമറ ഫൈസൽ -35) എന്നയാളാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശമുഖിന്‍റെ നേതൃത്വത്തിലുള്ള എസ് എ ജി ഒ സി ടീമും തൃശൂർ ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 10ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്ന് ക്യാമറകളും ലെൻസുകളും ഉൾപ്പെടെ 14 ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. രാവിലെ കടയുടമ കട തുറക്കാൻ വന്ന സമയത്താണ് കടയുടെ ഷട്ടർ പൊളിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘമായ എസ് എ ജി ഒ സി ടീമും തൃശൂർ ഈസ്റ്റ് പൊലീസും അന്വേഷണ ചുമതല ഏറ്റെടുക്കുകയും പ്രതിയെ പിടികൂടികയുമായിരുന്നു.