ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി മുഖ്യാതിഥിയായി പങ്കെടുത്തു. 

മസ്‌കത്ത്: ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്‍പിറ്റൽസിന്റെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. ജെ.സി.ഐ (യു.എസ്.എ), എ.സി.എച്ച്.എസ്.ഐ (ഓസ്‌ട്രേലിയ) തുടങ്ങിയ അന്താരാഷ്ട്ര അക്രഡിറ്റേഷനുകൾ ഇക്കാലയളവിൽ ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്‍പിറ്റൽ നേടിയിട്ടുണ്ട്. 20-ാമ വാർഷിക ആഘോഷങ്ങളുടെ ഭാഗയുള്ള ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.

അടുത്തിടെ എ.സി.എച്ച്.എസ്.ഐ അക്രഡിറ്റേഷൻ നേടിയ ബർക, നിസ്‌വ, സുഹാർ, സലാല എന്നിവിടങ്ങളിലെ ബദർ അൽ സമയുടെ ഹോസ്‍പിറ്റലുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി മുഖ്യാതിഥിയായി പങ്കെടുത്തു. ഇരുപതാം വാർഷിക ആഘോഷങ്ങളും നാല് ആശുപത്രികൾക്ക് എ.സി.എച്ച്.എസ്.ഐ അക്രഡിറ്റേഷൻ നേടാൻ കഴിഞ്ഞതും സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് സ്വകാര്യ മേഖലയിൽ നിന്നുണ്ടായ പിന്തുണക്ക് ആരോഗ്യ മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

മൂല്യവത്തായ മാനൂഷിക സേവനങ്ങൾ നൽകി ഇരുപതാം വാർഷികം ആഘോഷിക്കുന്ന ബദർ അൽ സമയുടെ മാനേജ്‌മെന്റിനെയും സ്റ്റാഫിനെയും വിശിഷ്ടാതിഥി ശശി തരൂർ എം.പി അഭിനന്ദിച്ചു. അർപ്പണ ബോധമുള്ളവരും നിസ്വാർഥരുമായ തൊഴിലാളികൾ, ആരോഗ്യ മന്ത്രാലയം തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും ഒപ്പം സ്ഥാപനം നൽകുന്ന സേവനങ്ങളിൽ രോഗികളുടെ വിശ്വാസവുമാണ് ബദർ അൽ സമയുടെ വിജയത്തിന് നിദാനമെന്ന് മാനേജിംഗ് ഡയറക്ടർ അബ്ദുൾ ലത്തീഫ് പറഞ്ഞു. 'വിശ്വാസവും കരുതലും' എന്ന പ്രമേയത്തിലാണ് ഇരുപതാം വാർഷികം ആഘോഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. പി എ മുഹമ്മദ് അറിയിച്ചു. സമീപ ഭാവിയിൽ ഐ.വി.എഫ്, ഒഫ്‍താൽമോളജി, ഓങ്കോളജി എന്നിവക്കായുള്ള സൂപ്പർ സ്‍പെഷ്യലൈസ്ഡ് സെന്ററുകളുൾപ്പെടെ വിപുലീകരിക്കാനും പദ്ധതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2002ൽ ഒമാനിലെ ഒരു പോളിക്ലിനിക്കിൽ നിന്ന് ആരംഭിച്ച് യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാൻ ബദർ അൽ സമയെ സഹായിച്ചത് ജനങ്ങളുടെ വിശ്വാസമാണെന്ന് ബദർ അൽ സമ എക്സിക്യൂട്ടീവ് ഡയറക്ടർ മൊയ്‍തീൻ ബിലാൽ പറഞ്ഞു. ആത്മാർഥതയൊടെ പ്രവർത്തിക്കുന്ന ജീവനക്കാരാണ് തങ്ങളുടെ എറ്റവും വലിയ സമ്പാദ്യമെന്ന് ബദർ അൽ സമ എക്സിക്യൂട്ടീവ് ഡയറക്ടർ ഫിറാസത്ത് ഹസ്സൻ പറഞ്ഞു.

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, ഒമാനിലെ സൗദി അംബാസഡർ അബ്ദുല്ല ബിൻ സഊദ് അലനാസി, ഡയറക്ടർ ജനറൽ ഡി.ജി.പി.എച്ച്.ഇ ഡോ. മുഹന്ന ബിൻ നാസിർ അൽ മുസ്‌ലാഹി, എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ബദർ അൽ സമ ഗ്രൂപ്പിന്റെ മുതിർന്ന മാനേജ്‍മെന്റ് പ്രതിനിധികൾ, സ്റ്റാഫുകൾ, മാധ്യമ പ്രവർത്തകർ, നിരവധി സാമൂഹിക സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ വാർഷികാഘോഷ ചടങ്ങിൽ സംബന്ധിച്ചു. ചീഫ് മാർക്കറ്റിംഗ് ഓഫീസർ കെ.ഒ ദേവസ്സി നന്ദി പറഞ്ഞു.