രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്‍തതെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ എല്ലാവരും വിവിധ ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘകര്‍ക്കായുള്ള വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 21 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി.
രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയവരെയാണ് അറസ്റ്റ് ചെയ്‍തതെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ എല്ലാവരും വിവിധ ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. പള്ളികളില്‍ യാചന നടത്തിയ ഒരാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുവൈത്തില്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും സ്ഥിതിഗതികളില്‍ മാറ്റം വന്ന് വിമാനത്താവളങ്ങള്‍ തുറന്നതോടെ പരിശോധനയും പുനഃരാരംഭിച്ചു. പിടിയിലാവുന്നവരെ പിന്നീട് തിരിച്ചുവരാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തിയ ശേഷം നാടുകടത്തുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെയാണ് ഇത്തരത്തില്‍ സ്വന്തം നാടുകളിലേക്ക് മടക്കി അയച്ചത്.
