ഷാര്‍ജ: എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ഷാര്‍ജ-ദുബായ് റോഡില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രവാസികളായ തൊഴിലാളികളെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രി എട്ടുമണിയോടെ ദുബായ് പൊലീസില്‍ നിന്നാണ് തങ്ങള്‍ക്ക് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലേക്കും കുവൈത്ത് ആശുപത്രിയിലേക്കും മാറ്റി. 16 പേരെ സംഭവദിവസം തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തു. നാല് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. അപകടത്തെ തുടര്‍ന്ന് എമിറേറ്റ്സ് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.