അബുദാബി: യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വിഭാഗവും സഹകരിച്ച് രാജ്യത്തുടനീളം ഡ്രൈവ് ത്രൂ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. ജനസംഖ്യയുടെ 50 ശതമാനം ആളുകള്‍ക്ക് ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്.

ഇതിനായി രാജ്യത്തുടനീളം 218 ഡ്രൈവ് ത്രൂ വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിന്‍ സൗജന്യമായി നല്‍കും. നിലവിലുള്ള ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കും. അബുദാബിയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അബുദാബി ഹെല്‍ത്ത് കെയര്‍ സര്‍വീസസ്(സെഹ) നിയന്ത്രിക്കും. 16 വയസ്സിനും അതിന് മുകളിലും പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം. രണ്ടു ഡോസുകള്‍ അടങ്ങിയതാണ് വാക്‌സിന്‍. ആദ്യ ഡോസിന് ശേഷം 21-28 ദിവസങ്ങള്‍ക്ക് ശേഷമാകും രണ്ടാം ഡോസ് നല്‍കുക.