തുറമുഖത്തെത്തിയ ബോട്ടില്‍ ഹാഷിഷ് കടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് കസ്റ്റംസിലെ പ്രത്യേക വിഭാഗമായ സിയാജിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തുകയായിരുന്നു.
ദുബൈ: ദുബൈയില്‍ കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോഗ്രാം ഹാഷിഷ് കസ്റ്റംസ് പിടികൂടി. ദുബൈ ക്രീക്ക് ആന്‍ഡ് ദേര വാര്‍ഫേജ് കസ്റ്റംസ് സെന്ററാണ് ഓപ്പറേഷന്‍ നേതൃത്വം നല്‍കിയത്. വീല്‍ഹൗസ് എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടഞ്ഞത്.
തുറമുഖത്തെത്തിയ ബോട്ടില്‍ ഹാഷിഷ് കടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്ന് കസ്റ്റംസിലെ പ്രത്യേക വിഭാഗമായ സിയാജിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തുകയായിരുന്നു. പെരിസ്‌കോപ് സാങ്കേതിക വിദ്യയാണ് സംഘം ഓപ്പറേഷന് ഉപയോഗിച്ചത്. നിര്‍മ്മിത ബുദ്ധി, പെരിസ്‌കോപ് ടെക്‌നോളജി, ഡ്രോണുകള്‍ എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളാണ് സംഘം നിരീക്ഷണത്തിനായി ഉപയോഗിച്ചു വരുന്നത്.
അതേസമയം കുവൈത്തില്‍ യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയിലായിരുന്നു. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 43 പാക്കറ്റ് ലഹരിമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി ഉദ്യോഗസ്ഥര്‍ പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്നെന്ന വിവരം സ്ഥിരീകരിച്ച ശേഷമായിരുന്നു അറസ്റ്റ്. ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നും തന്റെ ഉപഭോക്താക്കള്‍ ലഹരിമരുന്നിന് അടിമപ്പെടുന്ന വരെ അവര്‍ക്ക് കുറഞ്ഞ വിലക്ക് ലഹരിമരുന്ന് നല്‍കുകയും ചെയ്തിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പ്രവാസി മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദമ്മാമിൽ മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയിൽ വീട്ടിൽ അലക്സ് മാത്യു ആണ് മരിച്ചത്. അൽ നാജം അൽ താക്കിബ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഉയർന്ന രക്ത സമ്മർദം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച മരിച്ചു. അവയവങ്ങൾ ദാനം ചെയ്യുവാൻ കുടുംബാംഗങ്ങൾ സമ്മതിച്ചതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഭാര്യ: ഷീബ അലക്സ്. മാതാവ്: റേച്ചൽ മാത്യു, മക്കൾ: അബെൻ, അലൻ. സഹോദരിമാർ: മഞ്ജു, മായ.
