മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ്  25  പ്രവാസികൾ പിടിയിലായത്.

മസ്കറ്റ് ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 25 പ്രവാസികൾ പിടിയിലായത്.

മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ് ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ക്യാംപെയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും തൊഴിൽ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.

അടുത്തിടെ ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ടു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയും വടക്കൻ ബാത്തിനാ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തത്. ഇരു പ്രതികൾക്കെതിരെ ഉള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

Read Also - കുടുംബത്തിലെ ഏക കുട്ടി, 17കാരനെ തൂക്കിലേറ്റി ഇറാൻ; ഇതുവരെ 68 കുട്ടികൾക്ക് വധശിക്ഷ, കടുത്ത പ്രതിഷേധം

201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍

മസ്‌കറ്റ്: 201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ രാജ്യക്കാരായ 201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

600 റിയാലാണ് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിരക്ക്. സ്വദേശികളുടെ ഭാര്യമാര്‍ക്കോ മുന്‍ ഭാര്യമാര്‍ക്കോ ഒമാന്‍ പൗരത്വം ലഭിക്കുന്നതിന് 300 റിയാല്‍ നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്കും 300 റിയാല്‍ അടയ്ക്കണം. അപേക്ഷിക്കുന്നവര്‍ ഒമാനില്‍ ജോലി ചെയ്യുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷകനെതിരെ നേരത്തെ യാതൊരു തരത്തിലുമുള്ള നിയമ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തെളിയിക്കണം. അപേക്ഷ നല്‍കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 12 തരം രേഖകളും സമര്‍പ്പിക്കണം. ഒമാനി പൗരത്വം ലഭിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്കും ആറ് മാസത്തിനകം പൗരത്വം ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് അറബിക് ഭാഷാ എഴുത്ത് പരീക്ഷയുണ്ടാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും എഴുതാം. ഇങ്ങനെ നാലു തവണ വരെ പരീക്ഷ എഴുതാനാകും. പൗരത്വം ലഭിക്കുന്ന വിദേശികള്‍ക്ക് ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനാകില്ല. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും വേണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...