പ്രാർഥനക്കെത്തിയ വിശ്വാസികളുടെ നിര ഹറം മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലെത്തി. പള്ളിയിലേക്കുള്ള വഴികളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. മക്കയിലെ പാർക്കിങ് കേന്ദ്രങ്ങൾ വാഹനങ്ങളാൽ നിറഞ്ഞുകവിഞ്ഞു.
റിയാദ്: വിശുദ്ധ മാസമായ റമദാനിലെ അവസാന വെള്ളിയാഴ്ചയും പുണ്യരാവുകളിൽ ഏറ്റവും പുണ്യമായത് എന്ന് കരുതപ്പെടുന്ന 27-ാം രാവും ഒരുമിച്ചുവന്നതോടെ മക്കയിലെ വിശുദ്ധ പള്ളിയിൽ ഒന്നിച്ചത് ലോകത്തിൻറെ നാനാഭാഗത്തുനിന്നെത്തിയ 25 ലക്ഷത്തോളം വിശ്വാസികൾ. ഉംറ തീർഥാടകരും അതല്ലാതെ നമസ്കരിക്കാനും പ്രാർഥനയിൽ പങ്കുകൊള്ളാനും എത്തിയവരും രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനക്കും അണിനിരന്നപ്പോൾ പള്ളിയും പരിസരവും ജനസാഗരമായി. ഖുർആൻ പാരായണത്താലും മനസുരുകിയ പ്രാർഥനകളാലും മക്കയെങ്ങും ആത്മീയ നിറവിലായി. ശാന്തമായ അനുഭവം സമ്മാനിച്ച വിശ്വാസി സമൂഹം നേരം പുലരുവോളം ഹറമിലും പരിസരങ്ങളിലും പ്രാർഥനയിൽ മുഴുകുകയായിരുന്നു.

പ്രാർഥനക്കെത്തിയ വിശ്വാസികളുടെ നിര ഹറം മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലെത്തി. പള്ളിയിലേക്കുള്ള വഴികളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. മക്കയിലെ പാർക്കിങ് കേന്ദ്രങ്ങൾ വാഹനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു. 27ാം രാവിൽ സാധാരണ ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടിക്കണ്ട് വിവിധ സുരക്ഷാ വകുപ്പുകൾ പ്രത്യേക പദ്ധതികൾ നടപ്പാക്കി.
ഇരു ഹറം കാര്യാലയം, സിവിൽ ഡിഫൻസ്, ട്രാഫിക് വകുപ്പ്, പൊലീസ് വിഭാഗങ്ങൾ, റെഡ്ക്രസൻറ് വിഭാഗം, ആരോഗ്യം മുനിസിപ്പാലിറ്റി വകുപ്പുകൾ എന്നിവക്ക് കീഴിൽ പതിവിലും കൂടുതൽ ആളുകളെ സേവനത്തിനായി നിയമിതരായിരുന്നു. വിവിധ വകുപ്പുകളെ സഹായിക്കാൻ ഹറമിെൻറ വിവിധ ഭാഗങ്ങളിൽ സ്‌കൗട്ട് വിഭാഗത്തിലെയും മറ്റും വളൻറിയർമാരും രംഗത്തുണ്ടായിരുന്നു.
Read Also - യുഎഇയില്‍ സവാള വില കുറയും; കയറ്റുമതിക്ക് അനുമതി നല്‍കി ഇന്ത്യ
അനുഗ്രഹീത രാത്രിയിൽ തീർഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയത് കുറ്റമറ്റ നിലയിലായിരുന്നുവെന്ന് ട്രാഫിക് വകുപ്പിെൻറ ഔദ്യോഗിക വക്താവ് കേണൽ മൻസൂർ അൽ ശുക്ര ചൂണ്ടിക്കാട്ടി. 15000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നത്.
