റിയാദ്: തൊഴിൽ, വിസാ നിയമ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 20 മലയാളികളടക്കം 290 ഇന്ത്യാക്കാർ കൂടി തിങ്കളാഴ്ച നാട്ടിലെത്തി. അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം നാനൂറോളം പേർ റിയാദിലെ കേന്ദ്രത്തിൽ മാത്രം ബാക്കിയുണ്ട്. വരും ദിവസങ്ങളിൽ ഇവരെയും നാട്ടിലയക്കും. ഇതോടെ കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി. 

സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് തിങ്കളാഴ്ച അവസാന സംഘം പോയത്. റിയാദിൽ നിന്ന് രാവിലെ പത്തോടെ പുറപ്പെട്ട ഇവർ രാത്രിയോടെ ഡൽഹിയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഇവരെല്ലാം സ്വദേശങ്ങളിൽ എത്തിച്ചേരും. 20 മലയാളികളെ കൂടാതെ 11 തമിഴ്നാട്ടുകാരും 15 ആന്ധ്രപ്രദേശുകാരും 22 ബിഹാർ സ്വദേശികളും 116 ഉത്തർപ്രദേശുകാരും 54 പശ്ചിമബംഗാൾ സ്വദേശികളും 18 രാജസ്ഥാനികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 

റിയാദിലെ തർഹീലിൽ അവശേഷിക്കുന്നതിൽ മലയാളികളടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. തർഹീലിൽ നിന്ന് ഊഴമനുസരിച്ച് നിയമലംഘകരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നത് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ്.