കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന 300 ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നതായും അറിയിച്ചിട്ടുണ്ട്.

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് സ്വകാര്യ മേഖലയില്‍ മറ്റുതൊഴിലുകളിലേക്ക് മാറാനോ ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള മറ്റ് വിസകള്‍ നേടാനോ സാധിക്കില്ല. ഇതുകൂടാതെ നാടുകടത്തപ്പെട്ടാല്‍ പിന്നീട് കുവൈത്തില്‍ പ്രവേശിക്കാനും ഇവര്‍ക്ക് സാധിക്കില്ല. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മാന്‍പവര്‍ അതോരിറ്റി ലേബര്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുബാറക് അല്‍ അസ്‍മി പറഞ്ഞു. ഇപ്പോള്‍ പിടിയിലായ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.