ഇരുമ്പുയുഗത്തിലെ ആചാരങ്ങളെയും രീതികളെയും പറ്റി വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തൽ. 

അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ 3000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗത്തിലെ ശ്മശാനം കണ്ടെത്തി. അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് (ഡിസിടി അബുദാബി ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

അബുദാബിയില്‍ നിന്ന് 150 കിലോമീറ്റര്‍ കിഴക്ക് മാറി ഖത്താറ ഒയാസിസിന് സമീപമായാണ് പുതിയ കണ്ടെത്തല്‍. നൂറിലേറെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സൗകര്യമുള്ള ശ്മശാനം ആണിത്. ഇരുമ്പുയുഗത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തൽ യുഎഇയുടെ സമ്പന്നമായ ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കുമെന്ന് ഡിസിടിയുടെ പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജാബർ സാലിഹ് അൽ മർറി പറഞ്ഞു. ഇവിടെ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍, ആഭരണങ്ങള്‍, മൺപാത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ കണ്ടെത്തി. അലങ്കരിച്ച മൺപാത്രങ്ങൾ, മൃദുവായ കല്ലുപാത്രങ്ങൾ, ചെമ്പിന്റെ ആയുധങ്ങൾ, ബീഡ് നെക്ലേസുകൾ, മോതിരങ്ങൾ, റേസറുകൾ, ഷെൽ കോസ്മെറ്റിക് പാത്രങ്ങൾ, ആയുധങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. 

Read Also -  പ്രവാസികൾക്ക് ആശ്വാസം, കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാൻ ഇന്‍ഡിഗോ എയർലൈൻസ്

രണ്ട് മീറ്റര്‍ ആഴത്തിലുള്ള കുഴിക്കൊടുവില്‍ ഓവല്‍ ആകൃതിയില്‍ വിവിധ വശങ്ങളിലേക്ക് അറ സൃഷ്ടിച്ച് മൃതദേഹം സംസ്കരിച്ച ശേഷം ചെളിയോ കല്ലുകളോ ഉപയോഗിച്ച് പ്രവേശന കവാടം അടയ്ക്കുന്ന രീതിയിലാണ് ശ്മശാനത്തിന്‍റെ രൂപകല്‍പ്പന. അല്‍ ഐനില്‍ കഴിഞ്ഞ 65 വര്‍ഷത്തിനിടെ വിവിധ പുരാതന വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പുയുഗത്തിലെ ഗ്രാമങ്ങള്‍, കോട്ടകൾ, ക്ഷേത്രങ്ങള്‍, പുരാതന ഉദ്യാനങ്ങള്‍ എന്നിങ്ങനെ നിരവധി പുരാതന വസ്തുക്കള്‍ കണ്ടെടുത്തെങ്കിലും ആ കാലഘട്ടത്തിലെ ശ്മശാനങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം