1,66,000ത്തോ​ളം വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രമാണ് ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യിലൊരുങ്ങുന്നത്. 

ദോഹ: വായനാപ്രേമികൾക്ക് ആഘോഷമായി ഖ​ത്ത​റി​ന്റെ പുസ്‌തകോത്സവത്തിന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മായി. ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യുടെ 34ാമ​ത് പതിപ്പ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു. ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ (ഡി.​ഇ.​സി.​സി) വേ​ദി​യാ​കു​ന്ന മേ​ള 17 വ​രെ തുടരും. 'കൊത്തുവേല മുതൽ എഴുത്ത് വരെ'(From Engraving to Writing) എന്നതാണ് ഇത്തവണ മേളയുടെ പ്രമേയം. ഖത്തറിലെ പ്രമുഖ സാംസ്കാരിക പരിപാടി എന്ന നിലയിൽ, ചിന്തയും അറിവുമാണ് അവബോധത്തിലും സർഗ്ഗാത്മകതയിലും അധിഷ്ഠിതമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയെന്ന രാജ്യത്തിന്റെ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. 

1,66,000ത്തോ​ളം വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം മേളയിൽ പുസ്തകപ്രേമികളെ കാത്തിരിക്കുന്നുണ്ട്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക​മേ​ള​യിൽ ഇത്തവണ അ​തി​ഥി​രാ​ജ്യമായെത്തുന്നത് പ​ല​സ്തീ​നാണ്. പ​ല​സ്തീ​നി​ൽ​ നി​ന്ന് 11 പ്ര​സാ​ധ​ക​രടക്കം 43 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 552 പ്ര​സാ​ധ​ക​ർ ഇ​ത്ത​വ​ണ മേ​ള​യിലുണ്ട്. നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രും ആ​ദ്യ​മാ​യി പ​​ങ്കെ​ടു​ക്കുന്നുണ്ട്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും മേളയുടെ ഭാഗമാണ്.

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ്ര​വേ​ശ​നം. വെ​ള്ളി​യാ​ഴ്ച ഉ​ച്ചയ്ക്ക് മൂ​ന്ന് മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​യി​രി​ക്കും. പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന പു​സ്ത​ക മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് വിവിധ സാം​സ്കാ​രി​ക, ക​ലാ​​പ​രി​പാ​ടി​ക​ൾ, സെ​മി​നാ​ർ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ശി​ൽ​പ​ശാ​ല എ​ന്നി​വ​യും അ​ര​ങ്ങേ​റും. സം​ഘാ​ട​ക​രാ​യ ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം മി​ക​ച്ച പ്ര​സാ​ധ​ക​ർ​ക്കും എ​ഴു​ത്തു​കാ​ർ​ക്കു​മാ​യി ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള പു​ര​സ്കാ​ര​വും ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​ർ, ബാ​ല സാ​ഹി​ത്യ പ്ര​സാ​ധ​ക​ർ, ക്രി​യേ​റ്റി​വ് റൈ​റ്റ​ർ, യു​വ ഖ​ത്ത​രി എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.

മേ​ള​യി​ൽ മലയാളത്തിന്റെ ഏക സാന്നിധ്യമായി ഐ.പി.എച്ച് ബുക്‌സ് ഇത്തവണയുമുണ്ട്. കഴിഞ്ഞ 12 വര്‍ഷങ്ങളായി മലയാള പുസ്തകങ്ങളുമായി ദോഹ ബുക്ക് ഫെയറില്‍ സജീവമായി പങ്കെടുക്കുന്ന ഐ.പി.എച്ച് 600ലധികം മലയാള പുസ്തകങ്ങളുമായാണ് ഇത്തവണയെത്തുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമെ ഡി.സി, മാതൃഭൂമി, പ്രതീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദര്‍ ബുക്‌സ്, മാധ്യമം ബുക്‌സ്, യുവത ബുക്‌സ് തുടങ്ങി നിരവധി പ്രസാധകരുടെ പുസ്തകങ്ങളും പവലിയനിൽ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിക്ക് പുറമെ വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതിയ രൂപത്തിൽ പ്രസിദ്ധീകരണത്തിലേക്ക് തിരിച്ചുവരുന്ന ദോഹ മാഗസിന്റെ പുതിയ പതിപ്പ് ചടങ്ങിൽ പ്രധാനമന്ത്രി പുറത്തിറക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം