റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍പ്പെട്ടവരുമായ 3581 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് വിസ ലഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ ജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങിയത്. ജിസ്റ്റര്‍ ചെയ്തവരില്‍ ബാക്കിയുള്ളവരുടെയും എക്‌സിറ്റ് നടപടിക്രമങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഹുറൂബ് കേസില്‍പ്പെട്ട 3032 പേര്‍ക്കും ഇഖാമ കാലാവധി കഴിഞ്ഞ 549 പേര്‍ക്കുമാണ് എക്‌സിറ്റ് വിസ ലഭിച്ചത്. തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന് പരാതി നല്‍കുകയും നിയമലംഘനത്തിന് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് ഹുറൂബ്. ഇത്തരത്തില്‍ നിരവധിയാളുകള്‍ സൗദി അറേബ്യയിലുണ്ട്. 

ഈ വര്‍ഷം ആദ്യമാണ് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ എംബസിയില്‍ ആരംഭിച്ചത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഒരു ബാച്ചിനാണ് നാട്ടിലേക്ക് മടങ്ങാനായി എക്‌സിറ്റ് വിസ ലഭിച്ചത്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാം. ഇതിനായി https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന ലിങ്ക് സന്ദര്‍ശിക്കുക.