ദുബായ്: ദുബായിലെ എമിറേറ്റ്സ് റോഡില്‍ ബസും ഹെവി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളെ കൊണ്ടുപോയിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 

ശനിയാഴ്‍ച രാത്രി 7.10നായിരുന്നു സംഭവമെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. അല്‍ നഹ്‍ദ ബ്രിഡ്ജിന് സമീപത്തുള്ള റോഡില്‍ മൂന്നാമത്തെ ലേനില്‍ വെച്ച് തകരാറിലായ ട്രക്ക്, ഒരു വശത്തേക്ക് മാറ്റാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാല് പേര്‍ മരണപ്പെട്ടു. പരിക്കേറ്റ പതിനൊന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ട്രാഫിക് പട്രോള്‍ സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി, പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡിലെ വേഗപരിധി കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍
 ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.