മസ്ക്കറ്റ്: ഒമാനിൽ കൊവിഡ് 19 മൂലം ഒരു വനിത മരിച്ചതായി ആരോഗ്യ മന്ത്രാലയം. 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടതെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നത്. ഇതോടെ കൊവിഡ് 19 ബാധിച്ച് ഒമാനിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കൊവിഡ് വൈറസ് ബാധമൂലം ഒമാനിൽ മരിക്കുന്ന ആദ്യ വിദേശ  വനിതയായ ഇവർ മസ്കറ്റ് ഗവർണറേറ്റിലെ താമസക്കാരിയായിരുന്നു. ഇതിനു മുൻപ് മരണപ്പെട്ട രണ്ട് ഒമാൻ സ്വദേശികളും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുമായിരുന്നു. ഇരുവർക്കും എഴുപതു വയസിന് മുകളിൽ പ്രായമുണ്ടായിരുന്നു.

കൊവിഡ് 19 മൂലം ആദ്യ മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് മാർച്ച് 31നായിരുന്നു. രണ്ടാമത്തെ മരണം ഏപ്രിൽ 4 ശനിയാഴ്ചയും. ഒമാനിൽ ഇന്ന് 38 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 457ലെത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.