12 മലയാളികളടക്കം 43 ഇന്ത്യക്കാർ ജിസാൻ സെൻട്രൽ ജയിലിൽ കഴിയുന്നതായി അധികൃതർ. സെൻട്രൽ ജയിലിലുള്ള മലയാളികളിൽ ഭൂരിഭാഗവും ലഹരിമരുന്ന് കടത്തിയതിനും മദ്യനിർമാണത്തിനും യെമൻ അതിർത്തിയിൽ നിന്ന് ‘ഖാത്ത്’ എന്ന ലഹരി ഇല കടത്തിയതിനും ശിക്ഷയനുഭവിക്കുന്നവരാണ്.

റിയാദ്: വിവിധ കേസുകളിൽപ്പെട്ട് 12 മലയാളികളടക്കം 43 ഇന്ത്യക്കാർ ജിസാൻ സെൻട്രൽ ജയിലിൽ കഴിയുന്നതായി അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം വൈസ് കോൺസൽ സുനിൽ സിംഗ് ചൗഹാൻറെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജിസാൻ സെൻട്രൽ ജയിലും ഡിപോർട്ടേഷൻ കേന്ദ്രവും സന്ദർശിച്ചിരുന്നു.

ജിസാൻ ഡിപ്പോർട്ടേഷൻ സെന്ററിൽ രണ്ടു മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് നിലവിലുള്ളത്. കോൺസുലേറ്റ് സംഘം ജിസാൻ സെൻട്രൽ ജയിലെ ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ തടവുകാരെ നേരിൽ കണ്ട് വിവരങ്ങൾ ചോദിക്കുകയും ചെയ്തു. ജിസാൻ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്ന 43 ഇന്ത്യൻ തടവുകാരിൽ ശിക്ഷാ കാലാവധി കഴിഞ്ഞ നാലു പേരെ ഉടൻ നാട്ടിലയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

സെൻട്രൽ ജയിലിലുള്ള മലയാളികളിൽ ഭൂരിഭാഗവും ലഹരിമരുന്ന് കടത്തിയതിനും മദ്യനിർമാണത്തിനും യെമൻ അതിർത്തിയിൽ നിന്ന് ‘ഖാത്ത്’ എന്ന ലഹരി ഇല കടത്തിയതിനും ശിക്ഷയനുഭവിക്കുന്നവരാണ്. ജിസാൻ ജയിലിൽ വിവിധ കുറ്റകൃത്യ ങ്ങൾക്ക് ശിക്ഷയനുഭവിക്കുന്ന മലയാളികളൊഴികെയുള്ള ഇന്ത്യൻ തടവുകാർ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ,രാജസ്ഥാൻ, കാശ്‌മീർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ശിക്ഷാ കാലാവധി കഴിഞ്ഞ് സെൻട്രൽ ജയിലിൽ കഴിയുന്ന നാലു പേർക്കുള്ള യാത്രാരേഖകൾ ഉടൻ നൽകുമെന്നും ജയിൽ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിക്കുമെന്നും വൈസ് കോൺസൽ സുനിൽ സിംഗ്‌ ചൗഹാൻ പറഞ്ഞു. രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് പിടിയിലായി ജിസാൻ ഡിപ്പോർട്ടേഷൻ സെന്ററിലുള്ള രണ്ടു മലയാളികളടക്കമുള്ള 7 ഇന്ത്യക്കാർക്ക് കോൺസുലേറ്റിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റ് തയാറാക്കി എത്രയും വേഗം ജയിൽ അധികൃതർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

(ഫോട്ടോ: ജിസാൻ ജയിൽ സന്ദർശിച്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ സുനിൽ സിംഗ് ചൗഹാനൊപ്പം കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതി അംഗങ്ങളായ ശംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സെയ്‌ദ് കാശിഫ് എന്നിവർ.)

ക്രിമിനൽ കുറ്റകൃത്യങ്ങളിൽപെടാത്ത നിയമ ലംഘകരായ ഇന്ത്യക്കാരെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചയക്കുന്നതിന് നിയമതടസമില്ലെന്ന് ഡിപ്പോർട്ടേഷൻ സെന്റർ അധികൃതർ വ്യക്തമാക്കി. കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ മാസവും ജിസാനിലെ ജയിലുകളും ഡിപോർട്ടേഷൻ സെൻററും സന്ദർശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വൈസ് കോൺസൽ അറിയിച്ചു..

മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്നതിനായി ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ സ്‌ട്രീറ്റിൽ ജിസാൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ബിൽഡിംഗിലെ വി.എഫ്.എസ് ഹാളിൽ നടന്ന കോൺസുലാർ സേവനങ്ങൾക്ക് വൈസ് കോൺസൽ സുനിൽ സിംഗ്‌ ചൗഹാനും വി.എഫ്.എസ് ഉദ്യോഗസ്ഥൻ റോഷനും നേതൃത്വം നൽകി. ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം ഇന്ത്യക്കാർക്ക് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. ജിസാനിൽ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി സ്‌കൂൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിക്കുള്ള നിവേദനങ്ങൾ ഗുജറാത്ത് കമ്മ്യൂണിറ്റി അസോസിയേഷൻ കൺവീനർ കേതുൽ കുമാർ പർമർ, സാമൂഹികക്ഷേമ സമിതി അംഗങ്ങളായ ശംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സെയ്‌ദ് കാശിഫ് എന്നിവരും വൈസ് കോൺസൽ സുനിൽ സിംഗ്‌ ചൗഹാന് കൈമാറി.