അബാദാബി: നിയമവിരുദ്ധമായി റോഡ് ക്രോസ് ചെയ്‍തതിന് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ മാത്രം 48,000 കാല്‍നട യാത്രക്കാര്‍ക്ക് പിഴ ശിക്ഷ ലഭിച്ചതായി അബുദാബി പൊലീസ്. റോഡ് മുറിച്ചുകടക്കുന്നതിന് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളോ സീബ്രാ ക്രോസിങുകളോ ഉപയോഗിക്കാത്തവര്‍ക്കാണ് ഇങ്ങനെ ശിക്ഷ ലഭിച്ചത്. അലക്ഷ്യവും അപകടകരവുമായി തരത്തില്‍ റോഡ് ക്രോസ് ചെയ്യുന്നതിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് 'സേഫ്റ്റി പാത്ത്' എന്ന പേരില്‍ പ്രത്യേക കാമ്പയിനും അബുദാബി പൊലീസ് തുടങ്ങിയിട്ടുണ്ട്.

ഫൂട്ട് ബ്രിഡ്ജുകള്‍, ടണലുകള്‍, സീബ്രാ ക്രോസിങുകള്‍ എന്നിവ ഉപയോഗപ്പെടുത്തുകയും സിഗ്നലുകളില്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള അവസരം വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. കാല്‍നട യാത്രക്കാര്‍ വാഹനമിടിച്ച് അപകടത്തില്‍പെടാനുള്ള പ്രധാനപ്പെട്ട കാരണം ഇത്തരത്തിലുള്ള അലക്ഷ്യമായി റോഡ് ക്രോസിങാണ്. 400 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണിത്.

സാധാരണ വേഷം ധരിച്ച ഉദ്യോഗസ്ഥര്‍ ഇത്തരം നിയമലംഘകരെ പിടികൂടാന്‍ നിരത്തുകളിലുണ്ട്. നഗരങ്ങളിലും മറ്റ് പ്രദേശങ്ങളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ക്ക് സമീപത്തുമെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ടാകും. പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കും. റോഡ് മുറിച്ച് കടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മെസേജുകളോ മറ്റോ ടൈപ്പ് ചെയ്‍തുകൊണ്ട് റോഡ് ക്രോസ് ചെയ്യുക തുടങ്ങിയവയും നിയമപ്രകാരം കുറ്റകരമാണ്.

അതേസമയം കാല്‍നട യാത്രക്കാര്‍ക്ക് വഴിയൊരുക്കണമെന്ന് ഡ്രൈവര്‍മാരോടും അധികൃതര്‍ നിര്‍ദേശിച്ചു. സ്‍കൂളുകള്‍ക്ക് സമീപത്തും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാത്ത ക്രോസിങുകളിലും കാല്‍നട യാത്രക്കാരുണ്ടോയെന്ന് പരിശോധിക്കണം. കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ശിക്ഷയും ലഭിക്കും. അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നവരെ കണ്ടെത്താനും കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്തവരെ പിടികൂടാനുമായി ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്‍മാര്‍ട്ട് റഡാറുകളും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.