അപകടവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുന്‍സ് സംഘങ്ങളും മറ്റ് സേനകളും സ്ഥലത്തെത്തി.

ഷാര്‍ജ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയിലെ മലീഹ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. 52കാരനായ യുഎഇ പൗരനാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്‍തി കൂട്ടിയത്.

അപകടവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുന്‍സ് സംഘങ്ങളും മറ്റ് സേനകളും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ 52 വയസുകാരന്‍ അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് ബന്ധുക്കള്‍ക്ക് സംസ്‍കാരത്തിനായി വിട്ടുകൊടുത്തു.

ഗുരുതരമായി പരിക്കേറ്റയാളെ അപകട സ്ഥലത്തു നിന്ന് ഹെലികോപ്റ്ററിലാണ് അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോര്‍ട്ടിന്റെ എയര്‍ വിങ് ഡിപ്പാര്‍ട്ട്മെന്റാണ് എയര്‍ ലിഫ്റ്റിങിനുള്ള നടപടികള്‍ സ്വീകരിച്ചത്. സാരമായ പരിക്കുകളുള്ള ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

Scroll to load tweet…


Read also: വാഹനാപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്‍തു