Asianet News MalayalamAsianet News Malayalam

വാഹനാപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്‍തു

നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാര്‍ഡ്‌ ഉടമകള്‍ക്ക് അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് നാല് ലക്ഷം രൂപയുടെയും, അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെയും പരിരക്ഷ ലഭിക്കും.

Norka roots disbursed Insurance amount to the relatives of expats who died in road accident abroad
Author
First Published Jan 31, 2023, 9:53 PM IST

തിരുവനന്തപുരം: വാഹനാപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുള്ള ഇന്‍ഷുറന്‍സ് തുക നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കൈമാറി. നോർക്ക പ്രവാസി ഐ.ഡി. കാര്‍ഡ് എടുത്തവർക്ക് നാലു ലക്ഷം രൂപ വീതം 16 ലക്ഷം രൂപയും, അപകട ഇൻഷുറൻസ് ഇനത്തിൽ ഒരു ലക്ഷവും, പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഒരു ലക്ഷവും ഉള്‍പ്പടെ 18 ലക്ഷം രൂപയാണ് ആറു പേർക്ക് കൈമാറിയത്. നോർക്ക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ പങ്കെടുത്തു.

2022 ജനുവരി മുതല്‍ 2023 ജനുവരി വരെ നോര്‍ക്ക റൂട്സ് പ്രവാസി ഐ.ഡി കാര്‍ഡ്‌ മുഖേന ഇന്‍ഷുറന്‍സ് തുകയായി 66,80,000 രൂപയാണ് 25 പേര്‍ക്ക് അനുവദിച്ചത്. നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാര്‍ഡ്‌ ഉടമകള്‍ക്ക് അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് നാല് ലക്ഷം രൂപയുടെയും, അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെയും പരിരക്ഷ ലഭിക്കും.

മൂന്ന് വര്‍ഷമാണ് പ്രവാസി ഐ ഡി കാര്‍ഡിന്റെ കാലാവധി. 18 മുതല്‍ 70 വയസു വരെയുള്ള പ്രവാസികള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.
ഇതു കൂടാതെ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി മുഖാന്തിരം 13 ഗുരുതര അസുഖങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടേയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഒരു വര്‍ഷമാണ് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സിന്റെ കാലാവധി. 18 മുതല്‍ 60 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാണ്. ഇതിനായി നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ (www.norkaroots.org) സന്ദര്‍ശിക്കാവുന്നതാണ്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്തിലെ ഐ.ഡി കാർഡ് വിഭാഗത്തിലെ 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read also: മൂന്നു മാസം മുമ്പ് മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം ഖബറടക്കി

Follow Us:
Download App:
  • android
  • ios