വീട് കയറി അതിക്രമം നടത്തുകയും സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. വടക്കൻ അതിർത്തി പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുപ്രീം കോടതി വിധി ശരിവെച്ചതിനെ തുടർന്നാണ് നടപടി.

റിയാദ്: വീടു കയറി അതിക്രമം നടത്തുകയും സ്ത്രീയെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് അബ്ദുൽ ലത്തീഫിന്‍റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച വടക്കൻ അതിർത്തി പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

കൃത്യം നടന്നയുടൻ സുരക്ഷാ സേന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. കേസ് വിചാരണ ചെയ്ത ബന്ധപ്പെട്ട കോടതി, പ്രതി ചെയ്തത് സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് നിരീക്ഷിക്കുകയും ഇയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

വിചാരണക്കോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളിയ അപ്പീൽ കോടതിയും പിന്നീട് സൗദി സുപ്രീം കോടതിയും വധശിക്ഷ ശരിവെക്കുകയായിരുന്നു. വിധി അന്തിമമായതോടെ ശിക്ഷ നടപ്പാക്കിക്കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അർഹമായ നീതി നടപ്പിലാക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നിരപരാധികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും അവരുടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിച്ച് ചോരചിന്തുകയും ചെയ്യുന്നവർക്കെതിരെ ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.