റിയാദിലെ അൽ ഹുക്കും പാലസ് ഏരിയയിലെ അൽ അദ്ൽ സ്ക്വയറിലാണ് പരിപാടി അരങ്ങേറിയത്.
റിയാദ്: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മെഗാ `അർദ സൗദിയ' പരമ്പരാഗത നാടോടി നൃത്തത്തിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്. റിയാദിലെ അൽ ഹുക്കും പാലസ് ഏരിയയിലെ അൽ അദ്ൽ സ്ക്വയറിലാണ് പരിപാടി അരങ്ങേറിയത്. നാലു ദിവസം നീണ്ട സ്ഥാപക ദിനാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടാണ് മെഗാ അർദ സൗദിയ നടന്നത്. ഏകദേശം 50,000 സന്ദർശകരാണ് ഇവിടേക്കെത്തിയത്. റിയാദ് റോയൽ കമ്മീഷനാണ് പരിപാടി സംഘടിപ്പിച്ചത്.
633 കലാകാരന്മാർ പങ്കെടുത്ത ഏറ്റവും വലിയ സൗദി നൃത്ത പരിപാടി എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് നേടിയത്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു ഈ പരിപാടി. ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിന്റെ മേൽനോട്ടത്തിലായിരുന്നു നൃത്തം സംഘടിപ്പിച്ചത്. അർദയോടനുബന്ധിച്ച് സൗദിയുടെ ചരിത്രം കാണിച്ചുകൊണ്ടുള്ള പ്രദർശനവും നടന്നിരുന്നു. ഇത് കാണാനും രാജ്യത്തിന്റെ ചരിത്രം മനസ്സിലാക്കാനും നിരവധി സന്ദർശകരാണ് ഇവിടേക്ക് എത്തിയത്.
