മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ അപകടാവസ്ഥയിലുള്ള വീടുകൾ പൊളിച്ചു നീക്കി. കെട്ടിടങ്ങളുടെ മോശം അവസ്ഥ കാരണമാണ് ഈ നടപടി സ്വീകരിച്ചതെന്നും മുനിസിപ്പാലിറ്റി വിശദീകരിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ അപകടാവസ്ഥയിലുള്ള വീടുകൾ പൊളിച്ചു നീക്കുന്ന നടപടികൾ തുടര്‍ന്ന് കുവൈത്ത് മുനസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്‌ടർ ജനറൽ മനാൽ അൽ അസ്ഫൂറിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടി.
പൊളിച്ചുനീക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ, ജീവനും സ്വത്തിനും പൊതുസുരക്ഷയ്ക്കും സംരക്ഷണം നൽകുന്നതിനായി സുരക്ഷിതമല്ലാത്ത ഈ കെട്ടിടങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ 67 കെട്ടിടങ്ങൾ ഒഴിയാനും പൊളിക്കാനും ഉടമകൾക്ക് നിർദ്ദേശം നൽകികൊണ്ടുള്ള ഭരണപരമായ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കുകയായിരുന്നു. കെട്ടിടങ്ങളുടെ മോശം അവസ്ഥ കാരണമാണ് ഈ നടപടി സ്വീകരിച്ചതെന്നും മുനിസിപ്പാലിറ്റി വിശദീകരിച്ചു. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ജലീബ്.


