റിയാദ്: ഓഗസ്റ്റ് 20 മുതല്‍ സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. പ്രധാനപ്പെട്ട ഒമ്പത് വ്യാപാര മേഖലകളിലാണ് പുതുതായി സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത്. മലയാളികളുള്‍പ്പടെ നിരവധി വിദേശികള്‍ ജോലിചെയ്യുന്ന മേഖലയിലാണ് സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നത്. 

ഓഗസ്റ്റ് 20 മുതല്‍ ഒമ്പത് വ്യാപാര മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി -സാമൂഹ്യ വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കാപ്പി, ചായ, മിനറല്‍ വാട്ടര്‍, ശീതള പാനീയങ്ങള്‍ തുടങ്ങിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഈന്തപ്പഴവും വില്‍ക്കുന്ന കടകളും പുതിയ സ്വദേശിവല്‍ക്കരണ പട്ടികയില്‍പ്പെടും. കൂടാതെ ധാന്യങ്ങള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. ആഡംബര വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, കളിക്കോപ്പുകള്‍, ഇറച്ചി, മത്സ്യം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, ശുചീകരണ വസ്തുക്കള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വിലക്കുന്ന കടകളിലും ഓഗസ്റ്റ് 20 മുതല്‍  സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാണ്.

ഈ മേഖലയിലെ മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. കഴിഞ്ഞ മാസം 22 മുതല്‍ ഫാര്‍മസി മേഖലയിലും സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നിരുന്നു. ഫാര്‍മസി മേഖലയില്‍ രണ്ടു ഘട്ടങ്ങളിലായി 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ 20 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പിലാക്കിയത്. അടുത്ത ജൂലൈ 11 ന് പ്രാബല്യത്തില്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പിലാക്കുക അഞ്ചും അതില്‍ കൂടുതലും വിദേശ ഫാര്‍മസിസ്റ്റുകള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് സ്വദേശിവല്‍ക്കരണം ബാധകമാകുന്നത്.

അബുദാബിയില്‍ ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി