കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലികളോട് വിമുഖതയെന്ന് കണക്കുകള്‍. സ്വദേശിവത്കരണ ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍  ജോലി ലഭിച്ച 80 ശതമാനം പേരും ജോലി നിരസിച്ചു. പാര്‍ലമെന്റില്‍ അബ്ദുല്ല അല്‍ കന്‍ദരി എം.പി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ വ്യക്തമാക്കിയ കണക്കുകള്‍ ഒരു പ്രദേശിക ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ശമ്പളത്തിന് പുറമെ പ്രത്യേക അലവന്‍സ് കൂടി നല്‍കിയാണ് കുവൈത്ത് സര്‍ക്കാര്‍ സ്വദേശികളെ സ്വകാര്യ മേഖലാ ജോലികളിലേക്ക് ആകര്‍ഷിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിന് പുറമെ സര്‍ക്കാര്‍ നിശ്ചിത തുകയും നല്‍കി ശമ്പളം സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമാക്കിയിട്ടും സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലിയോട് താല്‍പര്യമില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 5778 തസ്തികകളിലേക്ക് സ്വദേശികള്‍ക്ക് അവസരം നല്‍കിയപ്പോള്‍ അതില്‍ ആകെ 1160 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. 2017ല്‍ 6861 തസ്തികകള്‍ സ്വദേശികള്‍ക്ക് അനുവദിച്ചപ്പോള്‍ 4067 പേരും ജോലി സ്വീകരിക്കാന്‍ തയ്യാറായില്ല.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 30,000 സ്വദേശികള്‍ക്കുള്ള സബ്‍സിഡി തുക സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.  ഇതിനുശേഷവും സ്വദേശി യുവാക്കള്‍ക്ക് സ്വകാര്യമേഖലയോട് താല്‍പര്യം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.