കര്‍ശന പരിശോധന; മാതളനാരങ്ങയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 900,000 ലഹരി ഗുളികകള്‍ പിടികൂടി
സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതര്‍. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 900,000ത്തിലേറെ ലഹരി ഗുളികകള്‍ കണ്ടെത്തിയത്.
സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. ആകെ 932,980 ലഹരി ഗുളികകളാണ് പിടികൂടിയത്. സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍ ആധുനിക സുരക്ഷാ ടെക്‌നിക്കുകള്‍ ഉപയോഗിച്ചിരുന്നു. ലഹരി ഗുളികകള്‍ പിടിച്ചെടുത്ത അതോറിറ്റി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന്റെ സഹായം തേടുകയും സൗദി അറേബ്യയില്‍ ഈ ഷിപ്പ്‌മെന്റ് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജ്യത്തിന് അകത്തേക്കും രാജ്യത്തിന് നിന്ന് പുറത്തേക്കും പോകുന്ന എല്ലാ ഷിപ്പ്‌മെന്റുകളും പരിശോധിക്കുന്നത് തുടരുമെന്നും കള്ളക്കടത്ത് തടയുമെന്നും സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
Read Also - രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം
നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,280 പ്രവാസികളെ
റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 9,280 വിദേശികളെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. ഒരാഴ്ചക്കിടെ 15,000ത്തിലേറെ പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. 15,453 നിയമലംഘകരാണ് പിടിയിലായത്.
താമസ നിയമം ലംഘിച്ച 9,865 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,610 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,978 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 782 പേരും അറസ്റ്റിലായി. ഇവരിൽ 68 ശതമാനം യമനികളും 29 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 25 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത എട്ട് പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 46,907 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 41,633 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി. 1,795 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 9,280 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...